മെൽബൺ: ഓസ്ട്രേലിയയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു. ഓസ്ട്രേലിയൻ സർക്കാരിന് ഇന്ത്യ സമ്മാനമായി നൽകിയ പൂർണകായ വെങ്കല പ്രതിമയാണ് തകർത്തത്. ഇന്ത്യ സമ്മാനിച്ച പ്രതിമ തകർത്തത് രാജ്യത്തിന് നാണക്കേടും അപമാനകരവുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സകോട്ട് മോറിസൺ പറഞ്ഞു. സംഭവത്തിൽ അദ്ദേഹം ശക്തമായി അപലപിച്ചു. ഇത് ഇന്ത്യൻ-ഓസ്ട്രേലിയൻ സമൂഹത്തിൽ ഞെട്ടലും നിരാശയും സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഓസ്ട്രേലിയക്ക് ഇന്ത്യ പ്രതിമ സമ്മാനിച്ചത്.വെള്ളിയാഴ്ച റോവില്ലെയിലെ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി ഹാളിൽ പ്രധാനമന്ത്രി സ്കോട്ട് മോറിസണാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ അനാച്ഛാദനം ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഇത് തകർക്കപ്പെട്ടതെന്നാണ് വിവരം.ശക്തിയേറിയ ആയുധമുപയോഗിച്ചാണ് അക്രമികൾ പ്രതിമ തകർത്തതെന്ന് പോലീസ് പറഞ്ഞു.
സാംസ്കാരിക പൈതൃകങ്ങൾ നശിപ്പിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാരെ നിയമത്തിന് മുൻപിൽ കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് ഉത്തരവാദികളായവർ ഓസ്ട്രേലിയൻ- ഇന്ത്യൻ സമൂഹത്തോട് വലിയ അനാരദവ് കാണിച്ചു. അവർ ലജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഓസ്ട്രേലിയയിലെ വിവിധ ഇന്ത്യൻ സംഘടനകൾ അപലപിച്ചു. അക്രമികളെ ഉടൻ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് സംസ്കൃതി പെർത്തും, ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി ചാരിറ്റബിൽ ട്രസ്റ്റും ആവശ്യപ്പെട്ടു.
Comments