വാഷിംഗ്ടൺ: ചൈനയിലെ ബീജിംഗിൽ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്സുമായി ബന്ധപ്പെട്ട നയതന്ത്ര ബഹിഷ്ക്കരണവുമായി അമേരിക്ക. മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കുന്ന ചൈനയുടെ കായികരംഗത്തെ ഇടപെടലുമായി സഹകരിക്കുന്നത് ലോകത്തോട് ചെയ്യുന്ന അനീതിയാണെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. ബൈഡൻ-ഷീ ജിൻ പിംഗ് കൂടിക്കാഴ്ചയ്ക്ക് ശേഷവും അമേരിക്ക ഒളിമ്പിക്സിനെ പിന്തുണയ്ക്കാത്തതാണ് ബഹിഷ്ക്കരണ സൂചന ബലപ്പെടുത്തുന്നത്. ഇരുനേതാക്കളുടേയും ചർച്ചയിലും ഒളിമ്പിക്സ് വിഷയമായിട്ടില്ല.
ബഹിഷ്ക്കരണം നയതന്ത്രതലത്തിൽ മാത്രമാണുദ്ദേശിക്കുന്നത്. തീരുമാനമായാൽ ഉദ്യോഗസ്ഥർ കായികതാരങ്ങൾക്കൊപ്പം ബീജിംഗിലേക്ക് യാത്രചെയ്യില്ലെന്നും വാഷിംഗ്ടൺ അറിയിച്ചു. സാധാരണനിലയിൽ എല്ലാ ഔദ്യോഗിക കായിക പരിപാടികളുടെ ഉദ്ഘാടനത്തിനും സമാപനത്തിനും വിദേശകാര്യ-കായിക മന്ത്രാലയ ഉദ്യോഗസ്ഥർ പങ്കെടുക്കാറുണ്ട്. 2022 ഫെബ്രുവരി 4 മുതൽ 20 വരെയാണ് ശൈത്യകാല ഒളിമ്പിക്സ് നടക്കുന്നത്.
ശൈത്യകാല ഒളിമ്പിക്സുമായി ബന്ധപ്പെട്ട അവ്യക്തത തുടരുകയാണ്. നിലവിൽ ഒരു തീരുമാനം പറയാറായിട്ടില്ല. അമേരിക്കയിലെ ജനപ്രതിനിധികളാരും ചൈനയെ പിന്തുണയ്ക്കുന്നില്ല. ഒളിമ്പിക്സ് നടത്തിപ്പിലൂടെ തങ്ങൾ ചെയ്യുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ മൂടിവെയ്ക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നതെന്നും വൈറ്റ്ഹൗസ് പ്രസ്സ്സെക്രട്ടറി ആൻഡ്ര്യൂ ബേറ്റ്സ് പറഞ്ഞു.
Comments