കൊച്ചി: വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന റിട്ട.എസ്പിയുടെ ലോക്കറിൽ നിന്ന കണ്ടെത്തിയത് മുക്കുപണ്ടം. ഇടുക്കി റിട്ട.എസ്പി ബി. വേണുഗോപാലിന്റെ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് മുക്കുപണ്ടം കണ്ടെത്തിയത്.
കടവന്ത്രയിലെ ബാങ്കിൽ വേണുഗോപാലിന്റെ സാന്നിദ്ധ്യത്തിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് 26 പവൻ മുക്കുപണ്ടം കണ്ടെത്തിയത്.
18 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ.
മുൻ എസ്പി മുക്കുപണ്ടം ലോക്കറിൽ സൂക്ഷിച്ചതിന്റെ കാരണം തേടുകയാണ് വിജിലൻസ്. ഇതിന്റെ ഭാഗമായി വേണുഗോപാലിന്റെ ഭാര്യയെ വിജിലൻസ് ചോദ്യം ചെയ്യും.
വേണുഗോപാലിന്റെ കുണ്ടന്നൂരിലെ വീട്ടിൽ അടുത്തിടെ നടത്തിയ റെയ്ഡിൽ ബാങ്ക് അക്കൗണ്ടും വസ്തു സംബന്ധവുമായ ചില രേഖകൾ പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് ലോക്കറുകൾ തുറക്കാൻ വിജിലൻസ് തീരുമാനിച്ചത്.
2006 മുതൽ 2016 വരെയുള്ള കാലയളിൽ വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതായാണ് വിലയിരുത്തൽ.ഈ സമയത്തെ അക്കൗണ്ട് ട്രാൻസാക്ഷൻ വിവരങ്ങൾ വിജിലൻസ് പരിശോധിക്കുന്നുണ്ട്.
Comments