കൊച്ചി: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദേവസ്വം ബോർഡിന്റെ അധികാരത്തിൽ സർക്കാർ കൈ കടത്തുകയാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. വെർച്വൽ ക്യൂ നിയന്ത്രണം ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന നിരീക്ഷണം നേരത്തെ കോടതിയും നടത്തിയിരുന്നു.
വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ശബരിമല തീർത്ഥാടനം കൂടുതൽ സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ ആളുകൾക്ക് ദർശനം സാധ്യമാക്കാൻ സ്‌പോട്ട് ബുക്കിങ് സംവിധാനമുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ വെർച്വൽ ക്യൂ നിയന്ത്രണം ഒഴിവാക്കാൻ കഴിയില്ലെന്നുമാണ് സർക്കാർ നിലപാട്.
ശബരിമലയിൽ ദിനംപ്രതി കൂടുതൽ ഭക്തർ ദർശനത്തിനെത്തുന്നുണ്ടെന്നാണ് കണക്ക്. എങ്കിലും മഴ ശക്തമായ സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ പ്രതിദിനം അരലക്ഷത്തോളം പേരെ പ്രവേശിപ്പിക്കുമെന്നാണ് ദേവസ്വവും സർക്കാരും തീരുമാനിച്ചിട്ടുള്ളത്. നിലവിൽ ബുക്ക് ചെയ്ത് എത്ര പേർ എത്തുന്നുവെന്നത് കണക്കിലെടുത്താകും ദർശനത്തിന് എത്തുന്നവരുടെ എണ്ണം കൂട്ടുകയെന്നും സർക്കാർ അറിയിച്ചു.















