തിരുവനന്തപുരം: സംസ്ഥാനത്തെ കാട്ടുപന്നി ശല്യം ഉൾപ്പെടെ വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ശശീന്ദ്രൻ കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെടും. സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായി വരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ തീരുമാനം.
നാട്ടിലിറങ്ങുന്ന കാട്ടുപന്നികളുടെ ശല്യം കുറയ്ക്കുന്നതിനായി 2011 മുതൽ സംസ്ഥാനത്ത് നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ മൂന്നാം പട്ടികയിൽ ഉൾപ്പെടുന്ന ജീവിയാണ് കാട്ടുപന്നി. ഇവയെ കൊല്ലുന്നത് ശിക്ഷാർഹമാണ്. എന്നാൽ നിയമത്തിന്റെ അഞ്ചാം പട്ടികയിൽ ഉൾപ്പെടുത്തി ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ കർഷകർക്കും പൊതുജനങ്ങൾക്കും നേരിട്ട് ഇവയെ കൊല്ലാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പന്നിയെ വെടിവച്ചതിന്റെ പണം കിട്ടുന്നില്ലെന്നും എകെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു. ഇക്കാര്യം വനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. വന്യജീവികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറും. കർഷകർക്കുള്ള നഷ്ടപരിഹാരത്തുക 2018 മുതൽ കൊടുക്കാനുണ്ട്. നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം മാറണമെന്നും മന്ത്രി പറഞ്ഞു.
Comments