പാലക്കാട് : എസ്ഡിപിഐക്കാർ ക്രൂരമായി കൊലപ്പെടുത്തിയ ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാര്യയുമായും മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചു. സഞ്ജിത്തിനെ കൊലപ്പെടുത്തിയവരെ ഉടൻ പിടികൂടിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കുന്നതിൽ പോലീസ് ഗുരുതര വീഴ്ചവരുത്തി. ദേശീയപാതയിൽ നിന്നും വളരെ അടുത്താണ് ഈ കൊലപാതകം നടന്നത്. രാവിലെ തന്നെ സംഭവം അറിഞ്ഞിട്ടും ദേശീയ പാതയിൽ വാഹന പരിശോധന നടത്താൻ പോലീസ് തയ്യാറായില്ല. ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നതിൽ പോലീസിന് വീഴ്ചപറ്റി. കൊലപാതകം നടന്ന് അഞ്ച് ദിവസം കഴിഞ്ഞാണ് പോലീസ് വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് പുറത്തുവിട്ടതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സഞ്ജിത്തിന് വധഭീഷണിയുണ്ടായിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല. സഞ്ജിത്തിനെതിരെ ഗൂഢാലോചന നടത്തിയവരെ നിരീക്ഷിക്കാനോ അന്വേഷണം നടത്താനോ പോലീസ് തയ്യാറായില്ല. ഇന്റലിജൻസിന്റെ പക്കൽ എല്ലാ വിവരങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇതിനനുസരിച്ച് പ്രവർത്തിക്കുന്നതിൽ പോലീസിന് വീഴ്ചപറ്റിയെന്നും സുരേന്ദ്രൻ ആവർത്തിച്ചു.
സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കൊല നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് പോലീസിന് നാണക്കേടാണ്. കേസ് അട്ടിമറിയ്‌ക്കാൻ സിപിഎമ്മിന്റെ സമ്മർദ്ദം ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. പ്രതികളെ പിടികൂടുന്നതിൽ ഇനിയും താമസമുണ്ടായാൽ അമ്മമാരെവരെ അണിനിരത്തി സംസ്ഥാന വ്യാപകമായി ബിജെപി വലിയ പ്രക്ഷോഭം നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സഞ്ജിത്ത് കൊലക്കേസിന്റെ അന്വേഷണം എൻഐഎയ്‌ക്ക് വിടാൻ സർക്കാർ തയ്യാറാകണമെന്ന് ആവർത്തിച്ച സുരേന്ദ്രൻ, ഇക്കാര്യം ആവശ്യപ്പെട്ട് മറ്റെന്നാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുമെന്നും അറിയിച്ചു.
















Comments