ഉത്തർപ്രദേശിന്റെ മുഖമുദ്ര മാറ്റിമറിച്ച യോഗി സർക്കാരിന്റെ നേട്ടങ്ങളിൽ പുതിയൊരു നാഴികക്കല്ലുകൂടി. നോയിഡ അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവള നിർമ്മാണത്തിന് തുടക്കം കുറിച്ചു. വ്യവസായ വികസനത്തിനും ടൂറിസം വളർച്ചയ്ക്കും വഴിയൊരുക്കുന്നതാണ് പുതിയ വിമാനത്താവളം. ഇനി താജ് മഹൽ കാണാൻ ഡൽഹിയിലേക്ക് ഫ്ലൈറ്റ് പിടിക്കേണ്ടി വരില്ല… 2024ൽ ആദ്യ വിമാനം ഇവിടെ നിന്നും പറന്നുയരുമ്പോൾ ജേവാറിനെ കാത്തിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം എന്ന റെക്കോഡാണ്. അറിയാം നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തെ കുറിച്ച്.
രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്താവളം സംയോജിത മൾട്ടി മോഡൽ കാർഗോ ഹബ്ബായി പൂർത്തിയാക്കുന്നത്. ജേവാർ എന്ന പേരിലറിയപ്പെടുന്ന ഈ വിമാനത്താവളത്തിൽ എട്ട് റൺവേകളാണ് ഉള്ളത്. 10,500 കോടി മുതൽ മുടക്കൽ നിർമ്മിക്കുന്ന വിമാത്താവളം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് വിലയിരുത്തൽ. സൂറിക് എയർപോർട്ട് കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നിർമ്മാണ കരാർ. യമുന ഇന്റർ നാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്നിവരാണ് കരാർ പങ്കാളികൾ. ഇതിനായി 29,560 കോടി രൂപ മുതൽ മുടക്കും.
ആകെ മൊത്തത്തിൽ 35,000 കോടി രൂപയുടെ നിക്ഷേപം വിമാനത്താവളത്തിൽ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ആദ്യവർഷം 10,000 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ പ്രതിവർഷം 1.2 കോടി യാത്രക്കാർ വിമാനത്താവളത്തിന്റെ സേവനം പ്രയോജനപ്പെടുത്തും. 2040-50 ആകുന്നതോടെ ഇത് 7 കോടിയിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 1,334 ഹെക്ടർ സ്ഥലത്തായാണ് വിമാനത്താവളം നിർമ്മിക്കുന്നത്. വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കാനും പുനരധിവാസത്തിനുമായി 4,326 കോടി രൂപയാണ് യുപി സർക്കാർ ചെലവഴിക്കുന്നത്.
2024ഓടെ വിമാനത്താവളം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകും. സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്കും ഇത് വലിയ ഉത്തേജനമാകും ലഭിക്കുന്നത്. ഒരു ലക്ഷത്തോളം പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും. അലിഗഡ്, ഹാപൂർ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാകും തൊഴിലവസരങ്ങൾ ലഭിക്കുക. വിമാനത്താവളത്തിനുള്ളിലെ ജോലിക്ക് പുറമെ മറ്റ് പല മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ഏറെ പ്രത്യേകതകളാണ് ജേവാറിലെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. മെട്രോ സർവ്വീസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിമാനത്താവളത്തിനകത്ത് ഒരുക്കും. ഇതിനായി നോയിഡയും ഡൽഹിയും മെട്രോ സർവ്വീസ് വഴി വിമാനത്താവളവുമായി കണ്ണി ചേർക്കും. യമുന അതിവേഗപാത, വെസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ, ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ ഡൽഹി- മുംബൈ എക്സ്പ്രസ് വേ തുടങ്ങി സമീപത്തെ എല്ലാ പ്രധാന റോഡുകളും ഹൈവേകളും വിമാനത്താവളവുമായി ബന്ധിപ്പിക്കും. ഡൽഹി- വാരാണസി ഹൈ സ്പീഡ് റെയിലുമായും വിമാനത്താവളം ബന്ധിപ്പിക്കും.
ഈ വിമാനത്താവളം യുപി വിനോദ മേഖലയ്ക്കും പുത്തൻ ഉണർവേകും. താജ്മഹൽ സന്ദർശിക്കുന്നവർക്ക് ഡൽഹിയിൽ ഇറങ്ങാതെ, ജേവാർ വിമാനത്താവളം വഴി പോകാനും സൗകര്യമൊരുങ്ങും. നിർമ്മാണം പൂർത്തിയാകുന്നതോടെ ഉത്തർപ്രദേശിലെ അന്താരാഷ്ട്ര വിമാനത്താവളുടെ എണ്ണം അഞ്ചായി ഉയരും. ലഖ്നൗ, വാരാണസി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മാത്രമുണ്ടായിരുന്ന യുപിയിൽ കഴിഞ്ഞ മാസം കുശിനഗർ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഉത്തർപ്രദേശിന്റെ വികസനത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയ യോഗി സർക്കാരിന്റെ നേട്ടങ്ങളിൽ പൊൻതൂവലാകാനൊരുങ്ങുകയാണ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം.
Comments