കൊച്ചി:നിയമ വിദ്യാർത്ഥിനിയായ മോഫിയ പർവ്വീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് എറണാകുളം റൂറൽ ജില്ലാ സി ബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
നിയമവിദ്യാർഥിനിയായ മോഫിയ പർവ്വീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കളായ റുഖിയ, യൂസഫ് എന്നിവർ റിമാൻഡിലായിരുന്നു. പ്രതികളെ കാക്കനാട് സബ് ജയിലിലേക്ക് മാറ്റി. ആത്മഹത്യ പ്രേരണയ്‌ക്ക് പുറമെ ഗാർഹിക പീഡനം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയും നൽകിയിട്ടുണ്ട്.
തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ മോഫിയ പർവീണിനെ തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റേയും ബന്ധുക്കളുടേയും മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.















