കണ്ണൂർ : രാഷ്ട്രപതിയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ സംഭവത്തിൽ രണ്ടാം പ്രതി കൂടി അറസ്റ്റിൽ. പയ്യാമ്പലം സ്വദേശി പി പി ഉമ്മർ കുട്ടിയാണ് അറസ്റ്റിലായത്. സംഭവം പിടിക്കപ്പെട്ടതിന് ശേഷം ഒളിവിൽ പോയ ഉമ്മറിനായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയായിരുന്നു.
ഉമ്മറിന്റെ സഹോദരൻ അഷറഫിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഇളവു ചെയ്തുവെന്ന രേഖയാണ് പ്രതികൾ ചേർന്ന് വ്യാജമായി നിർമിച്ചത്. ഫോർട്ട് റോഡിലെ ഉമ്മറുകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ചട്ടം ലംഘിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊളിക്കാൻ നഗരസഭ ഉത്തരവിട്ടിരുന്നു. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് രാഷ്ട്രപതിയുടെ പേരിൽ വ്യാജ രേഖ നിർമ്മിച്ചത്. കെട്ടിടം പൊളിക്കാൻ എത്തിയ മുനിസിപ്പൽ സെക്രട്ടറിയ്ക്ക് ഇത് നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഉത്തരവ് മുനിസിപ്പൽ സെക്രട്ടറി പോലീസിന് കൈമാറി. ഇതിൽ സംശയം തോന്നിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
പൊതുജനങ്ങൾക്ക് പരാതി നൽകാനായി തയ്യാറാക്കിയ പോർട്ടലിൽ രാഷ്ട്രപതിയ്ക്കുള്ള പരാതിയ്ക്കൊപ്പം അനുബന്ധ രേഖയായി രാഷ്ട്രപതിയുടെ വ്യാജ മറുപടിയും സ്കാൻ ചെയ്ത് കയറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്.
Comments