കവരത്തി : ലക്ഷദ്വീപിൽ യുപിഎ ഭരണകാലത്ത് നടന്ന അഴിമതികളിൽ അന്വേഷണം ആരംഭിച്ച് സിബിഐ. പ്രാഥമിക വിവര ശേഖരണം പൂർത്തിയാക്കി. കൊച്ചി സിബിഐ യൂണിറ്റിലെ സംഘമാണ് അന്വേഷണം നടത്തുന്നത്.
യുപിഎ സർക്കാരിന്റെ കാലത്ത് ലക്ഷദ്വീപിനെ അഴിമതികളുടെ കേന്ദ്രമാക്കി മാറ്റുകയായിരുന്നുവെന്നാണ് സി ബി ഐയ്ക്ക് ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ. ചില ജനപ്രതിനിധികൾക്കെതിരെയും അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെതിരെ നിലവിൽ സി ബി ഐ കേസുണ്ട്. ലക്ഷദ്വീപിലേക്കെന്ന പേരിൽ നിർമ്മാണ സാമഗ്രികൾക്ക് ഉൾപ്പെടെ തന്റെ സ്വകാര്യ സ്ഥാപനത്തിന് നികുതിയിളവ് നേടി ഇവിടെയെത്തിക്കാതെ കൂടിയ വിലയ്ക്ക് വിലയ്ക്ക് വിറ്റ് കോടികൾ സമ്പാദിച്ചതിനായിരുന്നു സി ബി ഐ കേസെടുത്തത്.
ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷന് മാത്രം ലഭിച്ചിരുന്ന നികുതിയിളവ് മറ്റ് സ്വകാര്യ സ്ഥാപനങ്ങളും യു പി എ സർക്കാരിന്റെ കാലത്ത് പ്രയോജനപ്പെടുത്തുകയായിരുന്നു. ടൂറിസം ഉൾപ്പെടെ വിവിധ വകുപ്പുകളാണ് കാലങ്ങളായി അഴിമതിയുടെ കൂത്തരങ്ങായി മാറിയിരുന്നത്.കോൺഗ്രസ് -എൻ സി പി നേതാക്കളായ ജനപ്രതിനിധികൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു.
ലക്ഷദ്വീപിൽ പ്രത്യേക ഓഫീസ് തുറന്നാണ് സി ബി ഐ അന്വേഷണം ഏകോപിപ്പിക്കുന്നത്. പ്രാഥമിക വിവര ശേഖരണത്തിനായി 2 ഡി വൈ എസ് പി മാരുടെ നേതൃത്വത്തിലുള്ള 10 അംഗ സി ബി ഐ സംഘമാണ് കൊച്ചിയിലും ലക്ഷദ്വീപിലുമുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിലെത്തി ഫയലുകൾ പരിശോധിച്ചത്. വിവിധ വകുപ്പുകളിലെ അഴിമതിയുമായി ബന്ധപ്പെട്ട് വരുന്ന ദിവസങ്ങളിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തേക്കും.
Comments