അട്ടപ്പാടിയിൽ ഭരണാധികാരികൾ നടത്തുന്നത് വംശഹത്യയെന്ന് കുമ്മനം രാജശേഖരൻ; ബിജെപിയുടെ വസ്തുതാപഠന സംഘം വനവാസി ഊരുകൾ സന്ദർശിച്ചു

Published by
Janam Web Desk

അഗളി: അട്ടപ്പാടിയിൽ ഭരണാധികാരികൾ നടത്തുന്നത് വംശഹത്യയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അട്ടപ്പാടിയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ ബിജെപിയുടെ വസ്തുതാ പരിശോധക സംഘവുമായി ഊരുകളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ജീവിക്കാനുളള മനുഷ്യത്വപരമായ സംവിധാനങ്ങളോ സൗകര്യങ്ങളോ ഒരുക്കാതെ ഒരു തലമുറയെ തന്നെ ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നവജാത ശിശുമരണങ്ങൾ തുടർക്കഥയായ സാഹചര്യത്തിലായിരുന്നു കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുളള സംഘം അട്ടപ്പാടിയിൽ എത്തിയത്. ബിജെപിയുടെ കോർ കമ്മറ്റിയുടെ നിർദ്ദേശ പ്രകാരമാണ് സന്ദർശനം. വീട്ടിയൂർ, കുരുവൻകണ്ടി തുടങ്ങിയ ഊരുകളിൽ സംഘം സന്ദർശനം നടത്തി. ആദിവാസികൾക്കായുളള കേന്ദ്രഫണ്ട് വകമാറ്റിയതിനെക്കുറിച്ചും സംഘം അന്വേഷണം നടത്തും

മനുഷ്യർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ലഭിക്കാത്ത വളരെ ചുരുക്കം ചില സ്ഥലങ്ങളേ ഇന്ത്യയിൽ കാണാൻ കഴിയൂ. അതിലൊന്നായി അട്ടപ്പാടിയും മാറി. മനുഷ്യാവകാശ ധ്വംസനമാണ് ഇവിടെ നടക്കുന്നതെന്നും സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കവേ കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. ആഹാരം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, ജീവിതോപാധികൾ, കൃഷി, വരുമാനമാർഗം തുടങ്ങി ജീവിക്കാനാവശ്യമായ ഒരു സൗകര്യവും അധികൃതർ ഇവിടെ ഒരുക്കുന്നില്ല. മനുഷ്യജീവനുകൾ പിടഞ്ഞു മരിക്കുമ്പോൾ മനുഷ്യരായിട്ട് പോലും അവരെ കണക്കാക്കാൻ അധികാരികൾക്ക് കഴിയുന്നില്ല. ഒരു സമൂഹത്തെ തന്നെ ഇല്ലായ്മ ചെയ്യാൻ നടത്തുന്ന ഗൂഢനീക്കം ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നാൽപതിനായിരത്തിൽപരം ആദിവാസികൾ തിങ്ങിപാർക്കുന്ന പ്രദേശത്ത് അത്രയും പേർക്ക് സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രി എന്ന ആവശ്യം ന്യായമാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് വൻ പദ്ധതികൾ പ്രഖ്യാപിച്ച് അതിന്റെ മറവിൽ വൻ തട്ടിപ്പും വെട്ടിപ്പും അഴിമതിയും നടത്തുന്നതാണ് ഈ നാട്ടിലെ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ദുര്യോഗമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഒരു തലമുറയെ തന്നെ നശിപ്പിച്ച് കളയാനുളള അവഗണനയാണിത്. ഇതിനായി ഗൂഢമായ കരുനീക്കങ്ങൾ നടക്കുന്നുണ്ട്.

പദ്ധതികൾക്ക് ഇടയ്‌ക്ക് നിന്ന് ഇടനിലക്കാര് കോടികൾ അടിച്ചുമാറ്റി അവർ തടിച്ചുകൊഴുക്കുകയാണ്. അട്ടപ്പാടിയിലെ ജനങ്ങൾക്കെന്ന പേരിൽ പെരിന്തൽമണ്ണയിലെ ഇഎംഎസ് സഹകരണ ആശുപത്രിയിൽ 12.5 കോടിയിലധികം രൂപ ചെലവഴിച്ച് വികസിപ്പിക്കുകയാണ്. ഇവിടുത്തെ ആശുപത്രികളല്ലേ വികസിപ്പിക്കേണ്ടതെന്ന് കുമ്മനം ചോദിച്ചു. ഇവിടുത്തെ റോഡിൽ കൂടി പോലും ഉറുമ്പ് അനങ്ങുന്നതുപോലെ പോലും സഞ്ചരിക്കാനാകില്ല. പിന്നെങ്ങനെയാണ്് രോഗികളെയും കൊണ്ട് ആംബുലൻസുകൾക്ക് പോകാനാകുകയെന്ന് അദ്ദേഹം ചോദിച്ചു.

ഇവിടുത്തെ ആശുപത്രിയിൽ നിന്ന് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്. എല്ലാവിധ ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തി ഒരു മികച്ച ആശുപത്രിയാക്കി മാറ്റുകയാണ് വേണ്ടത്. അല്ലാതെ ഇവിടെ വരുന്നവരെ മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയല്ല, കുമ്മനം പറഞ്ഞു.

വിവിധ മേഖലകളിൽ ശ്രദ്ധേയരായ അംഗങ്ങളെയാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ ബിജെപി നിയോഗിച്ചത്.
ഡോ.കെ.എസ്.രാധാകൃഷ്ണൻ, ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ, സി.കൃഷ്ണകുമാർ തുടങ്ങിയവരും സംഘത്തിലുണ്ട്. സമിതിയുടെ റിപ്പോർട്ട് ദേശീയ ട്രൈബൽ കമ്മീഷനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും നൽകാനാണ് പാർട്ടിയുടെ തീരുമാനം. അട്ടപ്പാടി വിവേകാനന്ദ ആശുപത്രി, അഗളിയിലെ ഐസിഡിഎസ്, ഐറ്റിഡിപി തുടങ്ങിയിടങ്ങളിലും സംഘം സന്ദർശനം നടത്തി.

Share
Leave a Comment