നവോഥാന കേരളത്തിനായി പെരുമ്പറ മുഴക്കിയ കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായ എറണാകുളത്തെ തൃപ്പൂണിത്തുറ. രാജവംശത്തിന്റെ കഥകളോടും ഐതിഹ്യങ്ങളോടും ചേർന്നു നിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രധാനിയാണ് തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രം. പഴയ കൊച്ചി രാജവംശത്തിലെ എട്ട് രാജ ക്ഷേത്രങ്ങളിലൊന്ന് എന്ന വിശേഷണവും ഈ പൂർണ്ണത്രയീശ ക്ഷേത്രത്തിനുണ്ട്. കുഞ്ഞുങ്ങളുടെ സംരക്ഷകനായി സന്താന ഗോപാല രൂപത്തിൽ വിഷ്ണുവിനെ ആരാധിക്കുന്ന പൂർണ്ണത്രയീശ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്!
കൊച്ചി രാജവംശത്തിലെ പുരാതനങ്ങളായ എട്ട് രാജ ക്ഷേത്രങ്ങളിൽ ഒന്നായാണ് തൃപ്പൂണിത്തുറയിലെ പൂർണ്ണത്രയീശ ക്ഷേത്രം അറിയപ്പെടുന്നത്. അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത് വിഷ്ണുവിനാണ്. പൂർണ്ണം, ത്രയം, ഈശൻ എന്നീ മൂന്നു വാക്കുകളിൽ നിന്നാണ് പൂർണ്ണത്രയീശൻ എന്ന പേരുവന്നത്. എല്ലാം തികഞ്ഞ അറിവിന്റെ ഈശൻ എന്നും പൂർണ്ണ ത്രയീശനെ വിശേഷിപ്പിക്കാറുണ്ട്. ആവനാഴി അഥവാ പൂണി തുറന്ന് വിഗ്രഹം പുറത്തെടുത്ത ഇടമായതിനാലാണ് സ്ഥലപ്പേര് തൃപ്പൂണിത്തുറ എന്ന് വന്നതെന്നാണ് മറ്റൊരു ഐതിഹ്യം.
ഒരിക്കൽ ഒരു ബ്രാഹ്മണന് പിറന്ന 9 കുട്ടികളും തൽക്ഷണം മരിക്കുകയുണ്ടായി. ശേഷം ബ്രാഹ്മണന്റെ ഭാര്യ വീണ്ടും ഗർഭം ധരിച്ചു. പിറക്കാൻ പോകുന്ന കുഞ്ഞിനെ എങ്കിലും വളർത്താൻ ആഗ്രഹിച്ച ബ്രാഹ്മണൻ ദ്വാരകയിലെത്തി ഭഗവാൻ ശ്രീകൃഷ്ണനെ സന്ദർശിച്ച് സങ്കടമുണർത്തിച്ചു. ഈ കുഞ്ഞിനെയെങ്കിലും രക്ഷിക്കാൻ കനിവുണ്ടാകണമെന്ന് അഭ്യർത്ഥിച്ചു. അപ്പോൾ അവിടെ ഉണ്ടായിരുന്നു അർജ്ജുനൻ കുട്ടിയെ രക്ഷിക്കാമെന്ന് ഏൽക്കുകയായിരുന്നു.
കുഞ്ഞിന്റെ സുരക്ഷ ഏറ്റെടുത്ത അർജ്ജുനൻ പ്രസവ സമയത്ത് ശരകൂടം തീർത്ത് കാവൽ നിന്നിട്ടും ഫലമുണ്ടായില്ല. ഇത്തവണ കുട്ടിയെ ഒരുനോക്കു കാണാൻ പോലും മാതാപിതാക്കൾക്ക് സാധിച്ചില്ല. വാക്കു പാലിക്കാൻ കഴിയാത്തതിൽ അതീവ ദഃഖിതനായ അർജുനൻ അഗ്‌നിയിൽ ചാടി ജീവൻ ത്യജിക്കാൻ ഒരുങ്ങി. എന്നാൽ ഭഗവാൻ കൃഷ്ണൻ, അർജ്ജുനനെ അതിൽ നിന്നും പിന്തിരിപ്പിച്ച് പിന്നീട് രണ്ടുപേരും കൂടി കുട്ടിയെ തേടിയിറങ്ങി. ഒടുവിൽ വൈകുണ്ഠത്തിലെത്തിയപ്പോൾ പത്തുകുട്ടികളും മഹാവിഷ്ണുവിന്റെ പക്കൽ കളിച്ചു നടക്കുന്നതാണ് കണ്ടത്.
ശ്രീകൃഷ്ണനെയും അർജ്ജുനനേയും ഒരുമിച്ച് കാണുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്ന് മഹാവിഷ്ണു അറിയിച്ചു. ശേഷം ബ്രാഹ്മണന്റെ പത്തുമക്കളേയും, പൂജിക്കാൻ ഒരു വിഗ്രഹവും അർജ്ജുനനെ ഏൽപിച്ചു. കുട്ടികളെ ബ്രാഹ്മണന് കൊടുത്ത ശേഷം അർജ്ജുനൻ വിഗ്രഹം തൃപ്പൂണിത്തുറയിൽ പ്രതിഷ്ഠിച്ചു. സമീപത്തു നിന്നും പിഴുതെടുത്ത എള്ളു പിഴിഞ്ഞുണ്ടാക്കിയ എണ്ണകൊണ്ട് വിളക്കും തെളിച്ചുയെന്നാണ് ക്ഷേത്രത്തിനു പിന്നിലെ ഐതീഹ്യം.
എഡി 947ലാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടന്നതെന്നാണ് വിശ്വാസം. എന്നാൽ ഇതിനും കൃത്യമായ തെളിവുകൾ ലഭ്യമല്ല. എന്നാൽ 1990കളിൽ ഇവിടെയുണ്ടായ തീപിടുത്തത്തിൽ ക്ഷേത്രം നശിക്കപ്പെട്ടുവെന്നും പിന്നീടാണ് ഇന്നു കാണുന്ന ക്ഷേത്രം നിർമ്മിച്ചതെന്നും ചരിത്രം പറയുന്നുണ്ട്. അന്ന് എളുപ്പത്തിൽ തീ പിടിക്കുന്ന മരങ്ങൾ ഒഴിവാക്കി ലോഹങ്ങളാണ് പുതിയ ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ കൂടുതലായും ഉപയോഗിച്ചത്.
ക്ഷേത്രത്തിൽ ഇപ്പോഴുള്ള പഞ്ചലോഹ വിഗ്രഹം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പഞ്ചലോഹ വിഗ്രഹങ്ങളിലൊന്നാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ടിപ്പു സുൽത്താന്റെ നേതൃത്വത്തിൽ ആക്രമണം ഉണ്ടായ സമയത്ത് വിഗ്രഹം സുരക്ഷിതമായി ഇരിക്കുവാൻ വേണ്ടി മേൽശാന്തി വിഗ്രഹം കുളത്തിലിട്ടുവത്രെ. ക്ഷേത്രത്തിലെത്തിയ പടയാളികൾ ശാന്തിക്കാരനെ കൊലപ്പെടുത്തിയെന്നും ക്ഷേത്രം അക്രമിച്ചുവെന്നും പറയുന്നു. പിന്നീട് കുളത്തിലെറിഞ്ഞ ആ വിഗ്രഹം കണ്ടെടുക്കുവാൻ ആകാത്തതിനാൽ നിർമ്മിച്ചതാണ് നാലടിയിലധികം ഉയരത്തിലുള്ള ഇപ്പോഴത്തെ പഞ്ചലോഹ വിഗ്രഹം.
സന്താനഗോപാലനായാണ് വിഷ്ണുവിനെ ഇവിടെ ആരാധിക്കുന്നത്. ഇവിടെയെത്തി പ്രാർഥിച്ചാൽ കുട്ടികളില്ലാത്ത ദമ്പതിമാർക്ക് സന്താനഭാഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നും വിശ്വാസമുണ്ട്. കഷ്ടകാലം മാറുവാൻ ഇവിടെ പ്രാർഥിച്ചാൽ മതിയത്രെ. ഇത് കൂടാതെ ആയൂരാരോഗ്യവും ഐശ്വര്യങ്ങളും ഇവിടെ പ്രാർഥിച്ചാലുള്ള ഫലങ്ങളാണ്.
നാല് ഉത്സവങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ചിങ്ങത്തിലാണ് ഇതിൽ ആദ്യത്തെ ഉത്സവം നടക്കുന്നത്. എട്ടു ദിവസത്തെ ഉത്സവമാണിത്. തിരുവോണ നാളിൽ ആറാട്ടോടെ സമാപിക്കും. ഇത് മൂശാരി ഉത്സവം എന്നാണ് അറിയപ്പെടുന്നത്. തുലാം മാസത്തിലാണ് രണ്ടാം ഉത്സവം നടക്കുന്നത്. ക്ഷേത്രം അഗ്‌നിക്കിരയാക്കിയതിൻറ ഓർമ്മ പുതുക്കലാണ് തുലാംമാസത്തിലെ ഉത്സവം. പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവവും പ്രസിദ്ധമാണ്. തൃക്കേട്ട പുറപ്പാടായി പതിനഞ്ച് ആനകളേയും എഴുന്നെള്ളിച്ചു നിർത്തുന്ന വർണാഭമായ ചടങ്ങാണ് വൃശ്ചികോത്സവത്തിൽ ദർശന പ്രാധാന്യമുള്ളത്. കുംഭമാസത്തിൽ ക്ഷേത്രത്തിൽ പറ ഉത്സവവും നടന്നു വരുന്നു.














