കൊച്ചി: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. പാട്ടിന്റെ എണ്ണത്തിൽ റെക്കോർഡിട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളുള്ള ചിത്രത്തിലെ ‘ദർശന’ എന്ന പാട്ട് ഇതിനോടകം തന്നെ വൻ ഹിറ്റായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ റിലീസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകനായ വിനീത് ശ്രീനിവാസൻ.
ഹൃദയത്തിലെ രണ്ടാമത്തെ ഗാനം നാളെ പുറത്തിറങ്ങുമെന്നാണ് വിനീത് ശ്രീനിവാസനും പ്രണവും സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ജോബ് കുര്യൻ പാടിയ ഗാനം, എഴുതിയത് അരുൺ ഏളാട്ടാണെന്ന് വിനീത് അറിയിച്ചു. ‘ദർശന റിലീസ് ചെയ്തിട്ട് ഒരു മാസത്തിലേറെയായിരിക്കുന്നു. ചിത്രത്തിലെ ഞങ്ങളുടെ രണ്ടാമത്തെ ഗാനം നാളെ റിലീസ് ചെയ്യും’ എന്നാണ് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചത്. നാളെ വൈകിട്ട് ആറ് മണിക്കാണ് പാട്ട് റിലീസ് ചെയ്യുന്നത്.
മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമ്മിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സിനിമയുടെ സംവിധാനം കൂടാതെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.
യുവ നടിമാരായ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരും മുൻനിരയിലുണ്ട്. ഹൃദയം തീയേറ്ററിലായിരിക്കും റിലീസ് ചെയ്യുക എന്ന് നിർമ്മാതാവ് വൈശാഖ് സുബ്രഹ്മണ്യം നേരത്തെ വ്യകതമാക്കിയിരുന്നു.
Comments