വാഴൂർ:ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കന്നുകാലികൾക്ക് ചെക്ക്‌പോസ്റ്റുകളിൽ ക്വാറന്റെൻ ഏർപ്പെടുത്തുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി.വാഴൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമവും തരിശുനില തീറ്റപ്പുൽ കൃഷി വിളവെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെത്തിക്കുന്ന മുന്തിയ ഇനം കന്നുകാലികളിൽ പലതും ദിവസങ്ങൾക്കുള്ളിൽ ചത്തുപോകുന്ന സാഹചര്യത്തിലാണ് നിരീക്ഷണ സംവിധാനങ്ങളും ക്വാറന്റെനും ഏർപ്പെടുത്തുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.ക്ഷീര കർഷകർക്ക് അടിയന്തിര സാഹചര്യത്തിനായി ടെലി വെറ്റിനറി യൂണിറ്റുകൾ ലഭ്യമാക്കും. കന്നുകാലികൾക്ക് വാക്‌സിൻ ലഭ്യമാക്കുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരണ സംവിധാനങ്ങളുള്ള ആംബുലൻസുകൾ ബ്ലോക്ക് തലത്തിൽ അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ആവശ്യ സന്ദർഭങ്ങളിൽ ഡോക്ടറുടെ സഹായം ലഭ്യമായില്ലെങ്കിൽ കർഷകർക്ക് ബന്ധപ്പെടുന്നതിനുള്ള കോൾ സെന്റർ തിരുവനന്തപുരത്ത് സജ്ജമാക്കും.കുളമ്പുരോഗത്തിനെതിരെയുള്ള രണ്ടാം ഘട്ട വാക്‌സിനേഷൻ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാറിന്റെ കിസാൻ റെയിൽ ,ഗോകുൽ മിഷൻ റെയിൽവേ പദ്ധതികൾ മുഖേന ഇതരസംസ്ഥാനങ്ങളിൽ നിന്ന് വൈക്കോൽ എത്തിക്കുന്നതിന് ശ്രമം നടത്തും.തീറ്റപ്പുൽ കൃഷിയിൽ സ്വയം പര്യാപ്തത നേടുന്നതിനുള്ള എല്ലാ പദ്ധതികൾക്കും സർക്കാർ സഹായം നൽകുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു.















