തൃശൂർ: ഗുരുവായൂരപ്പന് കാണിക്കയായി ഥാർ ലഭിച്ചതിന് പിന്നാലെ മനോഹരമായ മയിൽപ്പീലി വയലിനുമെത്തി. തൃശൂർ കുളങ്ങാട്ടുകര സ്വദേശി പ്രിയനാണ് മയിൽപീലിയുടെ നിറത്തിലുള്ള ഇലക്ട്രിക് വയലിൻ ഭഗവാന് സമർപ്പിച്ചത്.
വയലിൻ കലാകാരനായ പ്രിയൻ സ്വന്തമായി നിർമ്മിച്ച വയലിനാണിത്. ഇതോടെ പ്രിയന്റെ വർഷങ്ങളായുള്ള മോഹമാണ് ഗുരുവായൂർ നടയിൽ സഫലമായത്. മരത്തടിയിൽ ചിത്രപ്പണി ചെയ്യാൻ അറിയുന്ന കലാകാരൻ കൂടിയാണ് വയലിൻ വാദകനായ പ്രിയൻ. തേക്ക് തടിയിലാണ് ഇലക്ട്രിക്ക് വയലിൻ നിർമ്മിച്ചത്.
കിള്ളിക്കുറിശ്ശിമംഗലം രമേഷിന്റെ കീഴിൽ വയലിൻ പഠിക്കുന്ന പ്രയിൻ കഴിഞ്ഞ ഒമ്പത് വർഷമായി ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കാറുണ്ട്. 2019 മുതൽ ആരംഭിച്ച ഇലക്ട്രിക് വയലിന്റെ നിർമാണം ഇപ്പോഴാണ് പൂർത്തീകരിക്കാനായതെന്നും സ്വന്തമായി വയലിൻ നിർമ്മിച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുക എന്നത് വലിയ മോഹമായിരുന്നുവെന്നും പ്രിയൻ പറയുന്നു.















