പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുന്നതുപോലെ പ്രായം ഒരു പ്രശ്‌നമല്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും പ്രണയിക്കാനുമൊക്കെ ആഗ്രഹിക്കുന്ന രണ്ട് പേരാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. 77കാരനായ ഡേവിഡും 20കാരിയായ ജോയും.
ഓൺലൈനിലൂടെയാണ് ഡേവിഡിനെ ജോ പരിചയപ്പെടുന്നത്. ഒരു ഡേറ്റിങ് ആപ്പ് വഴി ഇരുവരും അടുപ്പത്തിലായി. നേരിട്ട് ഇതുവരെ കണ്ടിട്ടില്ലെങ്കിലും തങ്ങളുടെ പ്രണയത്തെ ചെറുതാക്കി കാണരുതെന്നാണ് ഡേവിഡിനും ജോയ്‌ക്കും പറയാനുള്ളത്.
മ്യാൻമർ സ്വദേശിയാണ് ജോ. ഇപ്പോൾ വിദ്യാർത്ഥിയാണ്. ഇനി ഡേവിഡിനെ നേരിട്ട് കാണുമ്പോൾ വിവാഹമുണ്ടാകുമെന്നാണ് ജോ പറയുന്നത്. ലണ്ടനിലെ സംഗീത നിർമാതാവായ ഡേവിഡിനെ 18 മാസം മുമ്പാണ് ജോ പരിചയപ്പെടുന്നത്. അടുപ്പമായത് മുതൽ ജോയുടെ പഠന ചിലവെല്ലാം വഹിക്കുന്നത് ഡേവിഡാണ്.
പഠനത്തിന് ശേഷമായിരിക്കും വിവാഹമെന്ന് ജോ പറയുന്നു. പാസ്‌പോർട്ടിനും വിസയ്‌ക്കുമായി കാത്തിരിക്കുകയാണ്. കിട്ടികഴിഞ്ഞാൽ ലണ്ടനിലേക്ക് പോകും അവിടെയാകും ഇരുവരുടെയും വിവാഹം. രണ്ട് പേർ പ്രണയത്തിലാകുന്നതിനെ വിശകലനം ചെയ്യുന്നത് എന്തിനാണെന്ന് ഡേവിഡ് ചോദിക്കുന്നു. മനസുകൊണ്ട് വളരെ ചെറുപ്പമാണെന്നും പ്രായം കുറഞ്ഞ പങ്കാളികൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ഡേവിഡ് പ്രതികരിച്ചു. പ്രായവ്യത്യാസത്തേക്കാൾ തങ്ങൾക്കിടയിലുള്ള ശക്തമായ അടുപ്പത്തിനും അഗാധമായ പ്രണയത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് ജോയും പറയുന്നു. ഇനിയുള്ള ജീവിതം ഒന്നിച്ച് ജീവിച്ച് തീർക്കുമെന്നും ഇരുവരും വ്യക്തമാക്കി.















