ബംഗളൂരു : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെയും മറ്റ് സേനാംഗങ്ങളെയും അപമാനിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസ് എടുത്തു. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെയാണ് കേസ് എടുത്തത്. മംഗളൂരു പോലീസിന്റേതാണ് നടപടി.
ബിപിൻ റാവത്ത് അന്തരിച്ചതായുള്ള വാർത്തകൾക്ക് പിന്നാലെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു ഇവർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെയും ഇവർ മോശം പരാമർശങ്ങൾ നടത്തിയിരുന്നു. പോസ്റ്റുകൾ ചില സമൂഹമാദ്ധ്യമ ഉപയോക്താക്കൾ ശ്രദ്ധയിൽപ്പെടുത്തിയതോടെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകൾ വ്യാജമാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ അക്കൗണ്ട് ഉടമകളെ കണ്ടെത്തുകയായിരുന്നു. ഇവരുടെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ബിപിൻ റാവത്തിനെയും, സേനാംഗങ്ങളെയും അപമാനിച്ചവർക്കെതിരെ കർശന നടപടിയെടുക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടികൾ കടുപ്പിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
















Comments