ബംഗളൂരു: പൂജ നടക്കുന്നതിനിടെ കഴുത്തിൽ തൂക്കിയ സ്വർണ്ണമാല പശു വിഴുങ്ങി. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ശേഷം മാല പുറത്തെടുത്തു. കർണാടകയിലെ ഹീപാൻഹള്ളിയിലെ സിർസിയിലാണ് വിചിത്ര സംഭവം നടന്നത്. ശ്രീകാന്ത് ഹെഗേഡേ എന്നയാളുടെ അരുമയായ പശുവിനെയാണ് സ്വർണ്ണം വിഴുങ്ങിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.
ദീപാവലി ദിവസം നടത്തിയ പ്രത്യേക ഗോ പൂജയ്ക്കിടെയാണ് പശു സ്വർണ്ണം വിഴുങ്ങുന്നത്. പൂജയുടെ ഭാഗമായി പശുപിന് സ്വർണ്ണം അണിയിച്ച് നൽകിയിരുന്നു. പൂക്കൾ കൊണ്ടുണ്ടാക്കിയ മാലയ്ക്കൊപ്പം 80000 രൂപ വിലവരുന്ന സ്വർണ്ണമാലയും പശുവിന്റെ കഴുത്തിൽ ഇട്ടു. പൂജയ്ക്ക് ശേഷം ഇവ ഊരി സമീപത്ത് വെച്ചെങ്കിലും പിന്നീട് പൂമാലയ്ക്കൊപ്പം സ്വർണ്ണമാലയും കാണാതായി.
മാലയ്ക്കായി വീട് മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പശുവിഴുങ്ങിയെന്ന സംശയം ഉയർന്നത്. പശു ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതും സംശയത്തിന്റെ തീവ്രത കൂട്ടി. സ്വർണമാലയ്ക്ക് വേണ്ടി പശുവിന്റെ ചാണകം സ്ഥിരമായി ഇവർ പരിശോധിച്ചിരുന്നു. ഒരുമാസത്തോളം കാലം ഇങ്ങനെ പരിശോധിച്ചു. തുടർന്ന് ഡോക്ടറിനെ സമീപിക്കുകയായിരുന്നു.
ഡോക്ടറിന്റെ പരിശോധനയിൽ മെറ്റൽ ഡിക്ടറ്ററിന്റെ സഹായത്തോടെ പശുവിന്റെ ശരീരത്തിൽ സ്വർണ്ണമാല ഉണ്ടെന്ന് കണ്ടെത്തി. സ്കാനിങ്ങിന് വിധേയമാക്കിയ ശേഷം സ്വർണ്ണത്തിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയ നടത്തി സ്വർണ്ണം പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം പശു സുഖം പ്രാപിച്ച് വരികയാണെന്ന് ശ്രീകാന്ത് അറിയിച്ചു.
Comments