ലക്നൗ : നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ഉത്തർപ്രദേശിൽ ബിജെപിയ്ക്ക് കരുത്തായി സുഹെൽദേവ് സേനാ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടിയിൽ ചേർന്നു. ദേശീയ അദ്ധ്യക്ഷൻ ബബ്ബാൻ രാജ്ഭർ ഉൾപ്പെടെയുള്ള മുൻ നിര പ്രവർത്തകരാണ് ഞായറാഴ്ച ബിജെപി അംഗത്വം സ്വീകരിച്ചത്. സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി മുൻ എംഎൽഎ കാളിചരണും ബിജെപിയിൽ ചേർന്നു.
ലക്നൗവിലെ പാർട്ടി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ക്യാബിനറ്റ് മന്ത്രിമാരായ ബ്രജേഷ് പഥക്, അനിൽ രാജ്ഭർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടി അംഗത്വം സ്വീകരിച്ചത്. ഇരുവരും ചേർന്ന് പ്രവർത്തകരെ ബിജെയിലേക്ക് സ്വാഗതം ചെയ്തു. ബിജെപി ജോയിനിംഗ് കമ്മിറ്റി അദ്ധ്യക്ഷനായ ലക്ഷ്മികാന്ത് ബാജ്പൈ, ബിജെപി നേതാവ് ദയാശങ്കർ സിംഗ് എന്നിവരും ചടങ്ങിൽ പങ്കുചേർന്നിരുന്നു.
അടുത്ത വർഷം ഫെബ്രുവരിയിലാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കേ സുഹൽദേവ് സേനാ പ്രവർത്തകരുടെ പാർട്ടി പ്രവേശനം ബിജെപിയ്ക്ക് വലിയ കരുത്താണ് നൽകുന്നത്. മുൻ നിര പ്രവർത്തകർ ബിജെപിയിൽ ചേർന്നതോടെ ഇവരെ പിന്തുണയ്ക്കുന്ന താഴെക്കിടയിലുള്ള പ്രവർത്തകരും പാർട്ടിയിൽ ചേരുമെന്നാണ് വിലയിരുത്തൽ. അങ്ങിനെയെങ്കിൽ ബിജെപിയുടെ അംഗബലം വീണ്ടും ഉയരും.
Comments