തിരുവനന്തപുരം : പോത്തൻകോട് യുവാവിനെ വെട്ടിവീഴ്‌ത്തി കാൽ മുറിച്ച് റോഡിലേക്ക് എറിഞ്ഞ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിൽ എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വെട്ടിയെടുത്ത കാൽ റോഡിലേക്ക് എറിഞ്ഞയാൾ ഉൾപ്പെടെ പത്ത് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതക കാരണം വ്യക്തമായത്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൃത്യത്തിന് പിന്നിൽ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. മറ്റ് കാരണങ്ങളും പോലീസ് സംശയിച്ചിരുന്നു. കൃത്യം നടത്തിയവരിൽ സുധീഷിന്റെ സഹോദരിയുടെ ഭർത്താവും ഉൾപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ മുഖ്യപ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
ഇന്നലെയാണ് പത്ത് പേരെ പോലീസ് പിടികൂടിയത്. കൊല നടത്തിയ ശേഷം ഇവർ കടന്നു കളഞ്ഞ ഓട്ടോയും ബൈക്കുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തിനും പരിശീലനത്തിനും ശേഷമാണ് അക്രമികൾ സുധീഷിനെ തേടി വീട്ടിൽ എത്തിയതെന്നും പോലീസ് വ്യക്തമാക്കി. കൊലപാതകം ആസൂത്രണം ചെയ്ത ഒട്ടകം രാജേഷ്, ആഴൂർ ഉണ്ണി എന്നിവരെയാണ് പിടികൂടാൻ ഉള്ളത്. ഇവർ ഇപ്പോഴും ഒളിവിലാണ്.
ശനിയാഴ്ചയാണ് സുധീഷിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഉച്ചയോടെ വാഹനങ്ങളിൽ എത്തിയ അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സുധീഷിനെ വെട്ടി വീഴ്‌ത്തുകയായിരുന്നു. നിലത്തു വീണ സുധീഷിന്റെ കാൽ പ്രതികൾ വെട്ടിയെടുത്ത് റോഡിലേക്ക് എറിഞ്ഞു. ആശുപത്രിയിൽ എത്തിക്കും മുൻപുതന്നെ സുധീഷ് മരിക്കുകയായിരുന്നു.
Comments