കൊച്ചി: ശബരിമല ഡ്യൂട്ടിയെടുക്കാത്ത ദേവസ്വം ബോർഡ് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവ്. ദേവസ്വം ബോർഡിന് ഇത് സംബന്ധിച്ച നിർദേശം കോടതി നൽകി. മതിയായ കാരണങ്ങളില്ലാതെ ഡ്യൂട്ടി ഒഴിവാക്കുന്നവർക്കെതിരെയാണ് നടപടി ഉണ്ടാകുക. സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരമാണ് ഹൈക്കോടതി ഉത്തരവ്.
ഇതിനിടെ ശബരിമല സന്നിധാനത്ത് രാത്രി തങ്ങുന്ന തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. ഭക്തർക്ക് വിരിവെയ്‌ക്കാനായി കൂടുതൽ സ്ഥലങ്ങൾ തയ്യാറാക്കും. ശബരിമല സന്നിധാനത്ത് പ്രസാദ വിതരണത്തിനുള്ള സമയവും കൂട്ടിയിട്ടുണ്ട്.
മണ്ഡലവിളക്കിനായി നട തുറന്നതിന് ശേഷം ശബരിമലയിലേക്ക് 6.55 ലക്ഷം അയ്യപ്പന്മാരാണ് എത്തിയത്. ഇതുവരെയുള്ള നടവരവ് 47 കോടി രൂപയാണ്. കാണിക്കയായി 14 കോടിയും അരവണ വഴി 18 കോടിയും ലഭിച്ചു.















