ലക്നൗ: മുഖ്യമന്ത്രിയുടെ സമുഹ വിവാഹ യോജന പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ സ്വന്തം സഹോദരിയെ വിവാഹം ചെയ്ത് യുവാവ്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സാമൂഹിക ക്ഷേമവകുപ്പ് നടത്തിയ സമൂഹ വിവാഹത്തിലായിരുന്നു ഇരുവരുടേയും വിവാഹം. പദ്ധതി പ്രകാരം നൽകുന്ന പണവും സ്വർണ്ണവും തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഓരോ ദമ്പതികൾക്കും 35,000 രൂപയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. വധുവിന്റെ ബാങ്ക് അക്കൗണ്ടിൽ 25,000 രൂപ നിക്ഷേപിക്കുകയും ചെയ്യും. ഇതിന് പുറമെ വിവിധയിനം സമ്മാനങ്ങളും സർക്കാർ വധൂ വരന്മാർക്ക് നൽകുന്നുണ്ട്. ശനിയാഴ്ച്ച തുണ്ഡ്ല ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ വെച്ചായിരുന്നു സമൂഹ വിവാഹം നടന്നത്. സർക്കാർ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായാണ് ഇവർ ഇത്തരത്തിൽ വിവാഹം കഴിച്ചത്.
നവദമ്പതികൾ സഹോദരിയും സഹോദരനുമാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ അവർ വിവരം സംഘാടകരെ അറിയിക്കുകയായിരുന്നു. ഇവർക്കൊപ്പം 51 ദമ്പതികളും ഇത്തരത്തിൽ തട്ടിപ്പ് നടത്തി വിവാഹിതരായിരുന്നു. തട്ടിപ്പിൽ ഉൾപ്പെട്ടവർക്കെതിരെ കേസെടുക്കുമെന്ന് തുണ്ഡ്ല ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
Comments