തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും, തൃശ്ശൂരിൽ ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഒമിക്രോൺ ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി.
തിരുവനന്തപുരത്ത് 17 ഉം, 44 ഉം വയസ്സുള്ളവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. തൃശ്ശൂരിൽ 46 വയസ്സുകാരിക്കാണ് രോഗമുള്ളതായി കണ്ടെത്തിയത്. തിരുവനന്തപുരത്തെ 17 കാരൻ യുകെയിൽ നിന്നുമാണ് എത്തിയത്. ഡിസംബർ ഒൻപതിന് തിരുവന്തപുരത്ത് എത്തിയ ഇയാൾക്കൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നു. ഇവരെല്ലാം തന്നെ നിരീക്ഷണത്തിലാണ്. 44 കാരൻ എത്തിയത് ട്യുണീഷ്യയിൽ നിന്നുമാണ്. ചാർട്ടേർഡ് ഫ്ളൈറ്റിൽ ഡിസംബർ അഞ്ചിനാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. കെനിയ, ട്യുണീഷ്യ എന്നീ രാജ്യങ്ങൾ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ഇരുവരും സ്വയം നിരീക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്.
കെനിയയിൽ നിന്നും എത്തിയ ആൾക്കാണ് തൃശ്ശൂരിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്.. ഇവരുടെ അമ്മയ്ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മയാണ് ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും സമ്പർക്ക പട്ടിക തയ്യാറാക്കിവരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Comments