കോഴിക്കോട് : വെള്ളയിൽ തൊടിയിൽ ഭഗവതി ക്ഷേത്രത്തിൽ കർപ്പൂരാഴി നടത്തി വിശ്വാസികൾ. ഡിവൈഎഫ്ഐയുടെ ഭീഷണി കാറ്റിൽപറത്തിയാണ് ഭക്തർ ക്ഷേത്രത്തിൽ ചടങ്ങ് നടത്തിയത്. ഇതോടെ മേഖലയിൽ പ്രകോപനം സൃഷ്ടിക്കാനുള്ള ഡിവൈഎഫ്ഐ പ്രവർത്തകരുടെ ശ്രമത്തിനാണ് തിരിച്ചടി നേരിട്ടത്.
ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമായി വെള്ളയിൽ പ്രദേശത്തെ നാട്ടുകാർക്ക് തർക്കം നിലനിന്നിരുന്നു . ലഹരി ഇടപാടുമായി ബന്ധമുള്ള സിപിഎം അനുഭാവികൾ വിഷയം രാഷ്ട്രീയവത്കരിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയായി. തുടർന്ന് ഏതാനും നാളുകളായി പ്രദേശം കനത്ത പോലീസ് കാവലിലായിരുന്നു.
ഇതിനിടെയാണ് വെള്ളയിൽ തൊടിയിൽ ഭഗവതി ക്ഷേത്രത്തിൽ 16 വർഷമായി മണ്ഡലകാലത്ത് നടന്നു വരുന്ന കർപ്പൂരാഴി നടക്കുന്ന ഇടത്ത് ആഘോഷ ദിവസം തന്നെ പ്രതിഷേധവും മാർച്ചും സംഘടിപ്പിക്കാൻ ഡിവൈ എഫ് ഐ തുനിഞ്ഞത് . ക്ഷേത്രത്തിന് മുന്നിൽ സ്റ്റേജ് കെട്ടിയെങ്കിലും അമ്മമാരടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് ഡിവൈഎഫ്ഐ പ്രതിഷേധം തൊട്ടടുത്ത സ്ഥലത്തേക്ക് മാറ്റി. കർപ്പൂരാഴി മുടക്കമില്ലാതെ നടക്കുകയും ചെയ്തു.
ഡിവൈഎഫ് ഐയുടെ പരിപാടിയുടെ പശ്ചാത്തലത്തിൽ വൻ പോലീസ് സംഘമാണ് പ്രദേശത്ത് ക്യാമ്പ് ചെയ്തത് .
Comments