പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രം ‘ഹൃദയം’ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ പുറത്തിറങ്ങിയ പാട്ടുകളും പോസ്റ്ററും ടീസറുമെല്ലാം തന്നെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
പ്രണവിന്റെ അഭിനയത്തിൽ കാര്യമായ മാറ്റം വരുന്നുണ്ടെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. ഇമോഷൻസ് എത്തിക്കുന്ന എന്നൊരു സംഗതി മോഹൻലാലിന്റെ പെർഫോമൻസിലുണ്ട്. അത് പ്രണവിനും ലഭിച്ചിട്ടുണ്ടെന്ന് വിനീത് പറയുന്നു. ‘വെറുതെ ഒരു സ്ഥലത്ത് കൈവെയ്ക്കുകയാണെങ്കിൽ പോലും ലാലങ്കിളിന് അതിനൊരു താളമുണ്ട്. കിരീടത്തിലൊക്കെ മോഹൻലാൽ നടന്നു പോകുമ്പോൾ ബാക്ക് ഷോട്ടിൽ പോലും ഫീൽ കിട്ടുന്നത് അതുകൊണ്ടാണ്. എവിടെയൊക്കെയോ അതിന്റെ ശകലങ്ങൾ അപ്പൂന് കിട്ടിയിട്ടുണ്ടെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു.
‘പ്രണവ് മലയാളത്തിലേക്ക് വരികയും കൂടുതൽ ആളുകളുടെ കൂടെ വർക്ക് ചെയ്യുകയും ചെയ്യുമ്പോൾ ആ ഇമോഷൻസ് കൂടുതൽ തെളിഞ്ഞുവരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോൾ അപ്പൂന്റെ കുറെ നല്ല മൊമെന്റ്സ് ക്യാപ്ച്ചർ ചെയ്യാൻ പറ്റിയിട്ടുണ്ട്. എനിക്ക് ഫീൽ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്കാണ് ആള് പോവുക. പാഷനേറ്റ് ആയ മനുഷ്യനാണ് പ്രണവ്’. വിനീത് പറഞ്ഞു.
അതേസമയം ഹൃദയം ജനുവരിയിലാണ് റിലീസ് ചെയ്യുക. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമ്മിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സിനിമയുടെ സംവിധാനം കൂടാതെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്. യുവ നടിമാരായ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ.
Comments