ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഭീകരർക്കെതിരെ പുതിയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താലിബാൻ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനായി പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ ന്യൂഡൽഹി കേന്ദ്രമാക്കി സുപ്രധാന യോഗങ്ങൾ നടത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ.
അഫ്ഗാനിസ്ഥാന്റെ അയൽരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചകളിൽ പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിച്ചതായാണ് പുറത്ത് വരുന്ന വാർത്തകൾ. കസാഖിസ്താൻ, തജികിസ്താൻ,തുർക്ക്‌മെനിസ്താൻ,ഉസ്‌ബെസ്‌കിസ്താൻ, കിർഗിസ്താൻ എന്നീരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. ഇന്ത്യയും മദ്ധ്യേഷ്യൻ രാഷ്‌ട്രങ്ങളുമായി നടന്നുവരുന്ന സംഭാഷണങ്ങളുടെ മൂന്നാംഘട്ടമാണ് രണ്ട് ദിവസങ്ങളിലായി ഡൽഹിയിൽ നടന്നത്.
താലിബാനും ചൈനയും പാകിസ്താനും ഉയർത്തുന്ന ഭീഷണികളെ ചെറുക്കുത്തിനുള്ള തന്ത്രങ്ങൾ ഇന്ത്യ ചർച്ചയിൽ പങ്ക് വെച്ചു. അഫ്ഗാന്റെ അയൽരാജ്യങ്ങളുമായി സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാനും ഇന്ത്യയ്‌ക്ക് പദ്ധതിയുണ്ട്. ഇതിനുള്ള പദ്ധതികളും യോഗത്തിൽ ആസൂത്രണം ചെയ്തു. മദ്ധ്യേഷ്യൻ രാജ്യങ്ങളുമായി എല്ലാ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. മേഖലയിലെ വികസനത്തിനും പുരോഗതിയ്‌ക്കും പരസ്പര സഹകരണത്തിൽ പ്രവർത്തിക്കാൻ യോഗത്തിൽ ധാരണയായി.
വ്യാപാര – വാണിജ്യ രംഗത്ത് ഇന്ത്യ കൂടുതൽ നിക്ഷേപം നടത്തും. ഇന്ത്യൻ സിനിമ, സംഗീതം, യോഗ എന്നിവയ്‌ക്ക് കൂടുതൽ പ്രചാരണം നൽകാൻ സഹകരിക്കുമെന്ന് മദ്ധേഷ്യൻ രാജ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പ് നൽകി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Comments