ബംഗളൂരു : ഓൺലൈൻ വഴി തേങ്ങ വാങ്ങാൻ ശ്രമിച്ച യുവതിയ്ക്ക് നഷ്ടമായത് വൻ തുക. വിമാനപുരി സ്വദേശിയായ സ്ത്രീയ്ക്കാണ് 45,000 രൂപ നഷ്ടമായത്. സ്ത്രീയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. വർഷങ്ങളായി വിമാനപുരിയിൽ പച്ചക്കറി- പലചരക്ക് കട നടത്തിവരികയാണ് സ്ത്രീ. കച്ചവടത്തിനായി ഒന്നിച്ച് തേങ്ങകൾ ലഭിക്കുന്നതിനായി ഇവർ ഗൂഗിളിൽ തിരഞ്ഞപ്പോൾ മൈസൂരു സ്വദേശിയായ മല്ലികാർജുനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയായിരുന്നു.
തുടർന്ന് നമ്പറിൽ വിളിച്ച് കച്ചവടം ഉറപ്പിച്ചു. അഡ്വാൻസ് മാത്രം പോര മുഴുവൻ തുകയും നൽകിയാൽ മാത്രമേ തേങ്ങ നൽകുകയുള്ളൂവെന്നായിരുന്നു സ്ത്രീയുടെ മുൻപിൽ മല്ലികാർജുൻവെച്ച നിബന്ധന. ഇത് പ്രകാരം 45,000 രൂപ ഓൺലൈൻ ആയി നൽകി.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ചരക്ക് എത്താത്തതിനെ തുടർന്ന് സ്ത്രീ മൈസൂരുവിൽ എത്തി അന്വേഷിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ടതാണെന്ന് മനസ്സിലായത്. അന്വേഷിച്ചപ്പോൾ മല്ലികാർജുൻ എന്ന പേരിൽ ആരും ഇല്ലെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. ബംഗളൂരു സൈബർ ക്രൈം പോലീസിലാണ് സ്ത്രീ പരാതി നൽകിയിരിക്കുന്നത്.
Comments