ബംഗളൂരു: നിർബന്ധിത മതപരിവരിവർത്തന നിരോധന ബിൽ കർണാടക നിമയസഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ പാസാക്കിയത്. ഉപരിസഭ കൂടി അംഗീകരിച്ചാൽ ബിൽ നിയമമാകും. നിർബന്ധിത മതമാറ്റം നടത്തുവർക്ക് 10 വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിർദ്ദേശിക്കുന്നതാണ് ബിൽ. കർണാടക ആഭ്യന്തരമന്ത്രി അരഗാ ജ്ഞാനേന്ദ്രയാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്.
നിർബന്ധിച്ചോ, സമ്മർദം ചെലുത്തിയോ, കബിളിപ്പിച്ചോ, വിവാഹ വാഗ്ദാനം നൽകിയോ മതപരിവർത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കും. മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നൽകുന്ന പരാതി പ്രകാരം പോലീസിന് കേസെടുക്കാം. നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം മതംമാറാൻ താത്പര്യമുള്ളവർ ജില്ലാ മജിസ്ട്രേറ്റിന് മുൻപാകെ അപേക്ഷ സമർപ്പിക്കണം. മജിസ്ട്രേറ്റ്, പോലീസ് എന്നിവരുടെ അന്വേഷണത്തിൽ നിർബന്ധിത മതംമാറ്റമല്ലെന്ന് തെളിഞ്ഞാൽ അപേക്ഷ നൽകി രണ്ട് മാസത്തിന് ശേഷം മതംമാറാനുള്ള അനുമതി ലഭിക്കും.
ജനറൽ വിഭാഗത്തിലുള്ളവരെ മതം മാറ്റിയാൽ മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയോ, 25,000 രൂപ പിഴയോ ലഭിക്കുന്ന കുറ്റമാണ്. പ്രായപൂർത്തിയാകാത്ത വ്യക്തി, ന്യൂനപക്ഷം, സ്ത്രീകൾ, എസ്സി/എസ്ടി എന്നീ വിഭാഗത്തിൽപ്പെട്ടവരെ മതം മാറ്റിയാൽ മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ തടവ് ലഭിക്കുകയും, 50,000 രൂപ പിഴ ഈടാക്കുകയും ചെയ്യും. മതപരിവർത്തനം ലക്ഷ്യം വച്ചുള്ള വിവാഹം അസാധുവാക്കാനും ബില്ലിൽ വകുപ്പുകളുണ്ട്.
സംസ്ഥാനത്ത് നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കർണാടക സർക്കാരിന്റെ പ്രഖ്യാപനം പുറത്തുവന്നതോടെ കത്തോലിക്ക ബിഷപ്പുമാരുടെ സംഘം ബസവരാജ് ബൊമ്മെയെ സന്ദർശിച്ചിരുന്നു. ബംഗളൂരു ബിഷപ്പുമാരുടെ സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. നിയമത്തിന് തങ്ങളുടെ പിന്തുണയുണ്ടെന്നും ബിഷപ്പുമാർ വ്യക്തമാക്കി.
വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കർണാടകയും നിയമം നടപ്പാക്കാൻ തീരുമാനിച്ചത്. നേരത്തെ ഉത്തർപ്രദേശ്, ഗുജറാത്ത്, മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.
Comments