ഹലോ റോങ് നമ്പർ എന്ന് ഒരിക്കലെങ്കിലും നമുക്ക് പറയേണ്ടി വന്നിട്ടുണ്ടാകും. എന്നാൽ ദിവസം മുഴുവൻ ഇതുതന്നെ പറയേണ്ടി വന്ന ഒരു സ്ത്രീയുടെ അവസ്ഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഫോൺവിളികൾ മൂലം യുകെ സ്വദേശിയായ ഹെലൻ മെക്ക്മഹോൻ എങ്ങിനെയാണ് കുഴങ്ങിയതെന്ന് നോക്കാം..
സ്‌പെൻഡ് ലോക്കൽ എന്ന പ്രീപെയ്ഡ് കാർഡ് കമ്പനി തന്റെ ഉപഭോക്താക്കൾക്ക് ഇ-മെയിൽ അയച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. മെയിലിൽ ഉൾപ്പെടുത്തിയ ഹെൽപ്പ്‌ലൈൻ നമ്പറിന്റെ ഒരു ഡിജിറ്റ് മാറി പോയിരുന്നു. ഇതോടെ ഹെൽപ്പ്‌ലൈൻ നമ്പറിന് പകരം ഹെലന്റെബിസിനസ് ലാൻഡ്‌ലൈൻ നമ്പരായി.
അയർലാൻഡിലെ ബാങ്കോറിൽ പ്രാഥമിക ശുശ്രൂഷകൾക്ക് പരിശീലനം നടത്തുന്ന സ്ഥാപനത്തിന് ഉടമയാണ് ഹെലൻ. സ്‌പെൻഡ് ലോക്കൽ കമ്പനിയുടെ മെയിൽ സ്വീകർത്താക്കൾക്ക് ലഭിച്ചതോടെ ഹെലന്റെ സ്ഥാപനത്തിലേക്ക് ഫോൺ വിളികൾ എത്താൻ തുടങ്ങി. ആദ്യദിവസം രണ്ട്, മൂന്ന് കോളുകൾ മാത്രം. അടുത്ത ദിവസം മുതൽ കോളുകളുടെ എണ്ണം കൂടാൻ തുടങ്ങി. വ്യാഴാഴ്ചയായപ്പോഴേക്കും ഫോണിന് വട്ടുപിടിച്ച അവസ്ഥയായെന്ന് ഹെലൻ പറയുന്നു. ബാധ കേറിയ പോലെ ഫോൺ നിർത്താതെ അടിക്കാൻ തുടങ്ങി.
ക്രിസ്മസ് പ്രമാണിച്ച് എല്ലാവരും പ്രാഥമിക ശുശ്രൂഷ പരിശീലനം എടുക്കാൻ തീരുമാനിച്ചോ എന്നാണ് ഹെലൻ ആദ്യം കരുതിയത്. പിന്നീട് ഒരു ഫോൺ കോളെടുത്ത് സംസാരിച്ചപ്പോൾ മെയിലിനെക്കുറിച്ചുള്ള വിവരം ഹെലൻ അറിയാനിടയായി. എന്താണ് സംഭവിച്ചതെന്ന് ഹെലൻ മനസിലാക്കി. തുടർന്ന് സാധിക്കുന്നത്ര നമ്പറിലേക്ക് തിരിച്ചുവിളിച്ചു. വോയ്‌സ്‌മെസേജുകൾക്ക് മറുപടി കൊടുത്തു. ഒടുവിൽ വിവരമറിഞ്ഞ കമ്പനി അധികൃതർ ഹെലനോട് മാപ്പ് പറഞ്ഞു. ഇനി ഔദ്യോഗികമായി നേരിട്ട് കണ്ട് മാപ്പ് പറയാനിരിക്കുകയാണ് കമ്പനി.















