ന്യൂഡൽഹി: 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രമുഖ എഴുത്തുകാരൻ ജോർജ് ഓണക്കൂറിന് ലഭിച്ചു. മലയാളഭാഷ വിഭാഗത്തിൽ ഹൃദയരാഗങ്ങൾ എന്ന ആത്മകഥയ്‌ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.
നന്മനിറഞ്ഞ അമ്മ, മുദ്രവെച്ച ജീവിതം എന്നീ രണ്ട് അധ്യായങ്ങളിലായി ഓണക്കൂർ എഴുതിയ ആത്മകഥയാണ് ഹൃദയരാഗങ്ങൾ. തന്റെ അമ്മ എങ്ങനെയാണ് തന്നെ സ്വാധീനിച്ചതെന്ന് ആത്മകഥയിൽ പ്രത്യേകം പരാമർശിച്ചിരുന്നു. ജീവിതത്തിൽ നേടിയ ഉയർച്ച, ശിഷ്യസമ്പത്ത് എന്നിവയെല്ലാം ആത്മകഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് പുറമേ ബാലസാഹിത്യ, യുവസാഹിത്യ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ബാലസാഹിത്യ പുരസ്‌കാരത്തിന് തിരക്കഥാകൃത്ത് രഘുനാഥ് പാലേരിയും യുവസാഹിത്യകാരനുള്ള പുരസ്‌കാരത്തിന് മോബിൻ മോഹനും അർഹനായി. രഘുനാഥ് പാലേരിയുടെ ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന കൃതിക്കാണ് ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത്. 50,000 രൂപയാണ് പുരസ്‌കാര തുക. മോബിൻ മോഹന് യുവസാഹിത്യകാരനുള്ള പുരസ്‌കാരം ജക്കരാന്ത എന്ന നോവലും നേടിക്കൊടുത്തു.
20 ഭാഷകളിലെ പുരസ്‌കാരങ്ങളാണ് കേന്ദ്ര സാഹിത്യ അക്കാദമി പ്രഖ്യാപിച്ചിരിക്കുന്നത്. കെ.പി രാമനുണ്ണി, കെ.എസ് രവികുമാർ, എം. ലീലാവതി എന്നിവർ ഉൾപ്പെട്ട സമിതിയാണ് മലയാളത്തിലെ പുരസ്‌കാരങ്ങൾ തീരുമാനിച്ചത്.















