ന്യൂഡൽഹി: ആ പണം ബിജെപിയുടേതല്ല. യുപിയിൽ സമാജ് വാദി പാർട്ടി നേതാവും ബിസിനസുകാരനുമായ പീയൂഷ് ജെയിനിൽ നിന്നും പിടിച്ചെടുത്ത 197.49 കോടി രൂപ ബിജെപിയുടെ പണമാണെന്ന ആരോപണത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി. ജിഎസ്ടി യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു നിർമ്മല സീതാരാമന്റെ വാക്കുകൾ.
പിടിച്ചെടുത്ത പണം ബിജെപിയുടെതാണെന്നും ജിഎസ്ടി ഇന്റലിജൻസിന് തെറ്റിപ്പോയതാണെന്നും മറ്റൊരു ജെയിനിനെ തിരക്കി എത്തിയ അവർ ആളുമാറി പീയൂഷ് ജെയിനിന്റെ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്തതാണെന്നുമായിരുന്നു പ്രചാരണം. എന്നാൽ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.
റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപവും അവർ നിഷേധിച്ചു. പരിശോധന നടത്തിയ ഏജൻസികൾ വെറും കൈയ്യോടെയാണ് മടങ്ങിയതെങ്കിൽ ആരോപണത്തിൽ കഴമ്പുണ്ടായിരുന്നു. പിടിച്ചെടുത്ത തുകയുടെ അളവ് ഏജൻസികൾ സത്യസന്ധമായിട്ടാണ് ജോലി നിർവ്വഹിച്ചുവെന്നതിന് തെളിവാണെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന് വരുത്തിത്തീർക്കാനും ബിജെപിയെ രാഷ്ട്രീയമായി ആക്രമിക്കാനും ലക്ഷ്യമിട്ടായിരുന്നു ഇത്തരം പ്രചാരണം.
എങ്ങനെയാണ് അത് മറ്റൊരാളുടെ പണമാണെന്ന് ഇത്ര കൃത്യമായി പറയാനാകുക. നിങ്ങൾക്ക് അതിൽ പാർട്ണർഷിപ്പ് ഉണ്ടോയെന്നായിരുന്നു മാദ്ധ്യമപ്രവർത്തകരോട് നിർമ്മല സീതാരാമന്റെ മറുചോദ്യം. നിങ്ങൾക്ക് അറിയാതെ മറ്റൊരാളുടെ പണമാണെന്ന് എങ്ങനെ കൃത്യമായി പറയാനാകുമെന്നും അവർ ചോദിച്ചു.
#WATCH | He (SP chief) should not raise doubts about the professionalism of the organization. The height of (seized) cash is proof that law enforcement agencies are working honestly… Should we wait for post-poll 'muhurta' or catch the thief today itself?: FM Nirmala Sitharaman pic.twitter.com/r3CyIcmw66
— ANI (@ANI) December 31, 2021
സമാജ് വാദി പാർട്ടി നേതാവ് ഒരിക്കലും അന്വേഷണ ഏജൻസികളുടെ പ്രൊഫഷണലിസത്തെ ചോദ്യം ചെയ്യരുതായിരുന്നു. റെയ്ഡ് നടന്ന സമയത്തെക്കുറിച്ചുളള ആക്ഷേപങ്ങൾക്കും അവർ മറുപടി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്ന മുഹൂർത്തത്തിന് വേണ്ടി കാത്തിരിക്കണമെന്നാണോ അതോ കളളനെ ഇപ്പോൾ തന്നെ പിടിക്കുകയാണോ ചെയ്യേണ്ടതെന്നും അവർ ചോദിച്ചു.
സമാജ് വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറക്കിയ പെർഫ്യൂമിന്റെ നിർമാതാവായിരുന്നു പീയൂഷ് ജെയിൻ. ഇയാൾക്ക് മറ്റ് ബിസിനസുകളും ഉണ്ട്. ഇയാളുടെ സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്ത നോട്ടുകെട്ടുകളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നാല് ദിവസത്തിലധികമെടുത്താണ് ഉദ്യോഗസ്ഥർ നോട്ടുകെട്ടുകൾ എണ്ണിത്തീർത്തത്.
Comments