ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ ; ജവാന് പരിക്കേറ്റു

Published by
Janam Web Desk

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാന് പരിക്ക്. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്  ജവാൻ യുവരാജ് സാഗറിനാണ് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ഗരിയാബാദ് ജില്ലയിൽ ഛത്തീസ്ഗഡ്- ഒഡീഷ അതിർത്തിയിലെ ദേവ്‌ഡോംഗർ വനമേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരർ ഒളിച്ച് താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്യൂണിസ്റ്റ് ഭീകരരെ പിടികൂടാൻ എത്തിയതായിരുന്നു സുരക്ഷാസേന. തെരച്ചിലിനിടെ ഒരു സംഘം ഭീകർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. ഇതിനിടെയാണ് ജവാന് പരിക്കേറ്റത്.  അദ്ദേഹത്തെ ഉടനെ അടുത്തുള്ള ആശുപത്രിയിലേക്കും അവിടെ നിന്നും റായ്പൂരിലെ സൈനിക ആശുപത്രിയിലേക്കും മാറ്റി. റായ്പൂരിൽ നിന്നും 200 കിലോ മീറ്ററാണ് ദേവ്‌ഡോംഗൽ വനമേഖലയിലേക്കുള്ള ദൂരം.

ഏറ്റുമുട്ടലിന്റെ വിവരം അറിഞ്ഞ് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്റെയും, സിആർപിഎഫിന്റെയും സംയുക്ത സംഘം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ സേനയുടെ തിരിച്ചടിയിൽ പിടിച്ചുനിൽക്കാനാകാതെ കമ്യൂണിസ്റ്റ് ഭീകരർ ഉൾക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പ്രദേശം മുഴുവൻ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.

Share
Leave a Comment