ഇടുക്കി: കേരള പോലീസിന്റെ വീഴ്ച്ച സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് പോലീസ് വീഴ്‌ച്ചകൾ കോടിയേരി സമ്മതിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് പരിഹാരം കാണും. സിപിഎം സംഭവത്തിൽ ഇടപെടുമെന്നും കോടിയേരി പറഞ്ഞു. പോലീസിന്റെ കാടത്തം സർക്കാരിനേയും ആഭ്യന്തര വകുപ്പിനേയും പ്രതിക്കൂട്ടിൽ നിർത്തുകയാണെന്നാണ് സമ്മേളനത്തിൽ ഉയർന്ന ആരോപണം.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് സർക്കാരിനെ പറയിപ്പിക്കുന്നതെന്നായിരുന്നു സമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയത്. ആഭ്യന്തര വകുപ്പ് വൻ പരാജയമായി മാറിയെന്നും ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രിവേണമെന്നുമായിരുന്നു ഇടുക്കി ജില്ലാ സമ്മേളനത്തിൽ ഉയർന്ന ആവശ്യം. പോലീസിൽ അഴിച്ചുപണി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ജില്ലാ പോലീസ് മേധാവിയ്‌ക്കെതിരേയും സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ പോലീസ് ഉദ്യോഗസ്ഥർ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നു. നാട് നന്നാക്കണമെന്ന ആഗ്രഹമില്ല. പോലീസിൽ ഒരു വിഭാഗം സർക്കാരിനെതിരെ പ്രവർത്തിക്കുന്നുണ്ട്. ഇത് കണ്ടെത്താൻ ശ്രമം നടക്കണം. പോലീസ് അസോസിയേഷന് വേണ്ടത്ര ശുഷ്‌കാന്തിയില്ല. ഒറ്റുകാരേയും സർക്കാരിനെ അപമാനിക്കാൻ ശ്രമിക്കുന്നവരേയും കണ്ടെത്താനും നിയന്ത്രിക്കാനും അസോസിയേഷന് കഴിയുന്നില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ഈ ആരോപണങ്ങൾക്കുള്ള മറുപടിയിലാണ് കോടിയേരി വീഴ്‌ച്ചകൾ സമ്മതിച്ചത്. നേരത്തേയും പാർട്ടിയുടെ ഏരിയ, ജില്ല സമ്മേളനങ്ങളിൽ പോലീസിന്റെ ക്രൂരതയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്തിരുന്നു. വിഎസ് അച്യൂതാനന്ദന്റെ സർക്കാരിലെ ആഭ്യന്തര നേട്ടങ്ങളാണ് അവർ പിണറായി സർക്കാരിന് മുന്നിൽ നിരത്തുന്നത്.















