ന്യൂഡൽഹി : രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്ന് 1,41,986 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 285 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 40,895 പേർ രോഗമുക്തി നേടി. നിലവിൽ 4,72,169 പേരാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിമായി ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് കൊറോണ വ്യാപനം ആരംഭിച്ചതു മുതൽ ഇന്നലെ വരെ 3,44,12,740 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 285 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,83,463 ആയി ഉയർന്നു. രാജ്യത്ത് കൊറോണ വാക്സിനേഷന്റെ ഭാഗമായി ഇതുവരെ 150.06 വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്.
ഇതുവരെ 3,071 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 1203 പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണ്. 876 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്ത് കേരളമാണ്.
Comments