കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പശുക്കടത്ത് സംഘവുമായി പോലീസ് ഏറ്റുമുട്ടി. സംഭവത്തിൽ 17 പോലീസുകാർക്ക് പരിക്കേറ്റു. കൂച് ബെഹാർ ജില്ലയിലെ മെഖ്ലിഗഞ്ച് മേഖലയിലാണ് സംഭവം. പശുക്കളെ അതിർത്തി കടത്താൻ ശ്രമിച്ച ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രദേശത്തെ ഇന്തോ- ബംഗ്ലാ അതിർത്തി വഴി ചിലർ പശുക്കളെ കടത്താൻ ശ്രമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ. പശുക്കളെ കടത്തുന്നത് തടയാൻ ശ്രമിച്ചതോടെ പശുക്കടത്ത് സംഘം പോലീസിനെ ആക്രമിച്ചു. ഇതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
സംഭവത്തിൽ നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് അറസ്റ്റ് ചെയ്തത്. 34 പശുക്കളെയും രക്ഷിച്ചു. പരിക്കേറ്റ പോലീസുകാരിൽ എട്ട് പേരെ മെഖ്ലിഗഞ്ചിലെ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പ്രദേശത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Comments