കാബൂൾ : അഫ്ഗാനിസ്ഥാനിൽ പാക് ഭീകര സംഘടനാ നേതാവ് കൊല്ലപ്പെട്ടു. നിരോധിത ഭീകര സംഘടനയായ തെഹരീക്-ഇ- താലിബാൻ പാകിസ്താൻ (ടിടിപി) നേതാവായ ഖാലിദ് ബാൾട്ടി എന്നറിയപ്പെടുന്ന മുഹമ്മദ് ഖുർസാനിയാണ് കൊല്ലപ്പെട്ടത്. പിന്നിൽ താലിബാനാണെന്നാണ് സൂചന.
പാകിസ്താൻ മാദ്ധ്യമങ്ങളാണ് ഖാലിദ് ബാൾട്ടി കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്. ഇക്കാര്യം പാകിസ്താൻ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഖാലിദ് ബാൾട്ടി ഭീകര സംഘടനയിലെ ഉന്നത നേതാവ് ആയതിനാൽ പാകിസ്താൻ അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിൽ വന്നതിന് പിന്നാലെ ഖാലിദ് ബാൾട്ടി അടിക്കടി കാബൂൾ സന്ദർശിക്കാറുണ്ടായിരുന്നു. ടിടിപിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മറ്റ് സംഘടനകളെ ചേർത്തുകൊണ്ട് വിവിധയിടങ്ങളിൽ വൻ സ്‌ഫോടനങ്ങൾ നടത്താനുള്ള ആസൂത്രണത്തിലായിരുന്നു ഖാലിദ് ബാൾട്ടി. ഇതിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്. ഖാലിദ് ബാൾട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥർ ഉടൻ പുറത്തുവിടുമെന്നാണ് വിവരം.
ഗിൽജിത്- ബാൾട്ടിസ്താൻ സ്വദേശിയായ ഖാലിദ് ബാൾട്ടി 2007 മുതലാണ് ഭീകര സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. തെഹരീക് നൈഫാസ് ഷാരിയത് ഇ മുഹമ്മദി എന്ന സംഘടനയിലായിരുന്നു ഇയാൾ ചേർന്നത്. പിന്നീട് എട്ട് വർഷങ്ങൾക്ക് ശേഷം 2015 ലാണ് ഇയാൾ ടിടിപിയിൽ ചേർന്നത്.
അതേസമയം ഖാലിദ് ബാൾട്ടിയുടെ കൊലയുമായി ബന്ധപ്പെട്ടുയരുന്ന ആരോപണം താലിബാൻ നിഷേധിച്ചിട്ടുണ്ട്.
Comments