പാലക്കാട്: വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയും മകനുമായ സനലിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. അമ്മയെയാണ് ആദ്യം വെട്ടിയതെന്ന് സനൽ പോലീസിനോട് വിവരിച്ചു. 33 തവണ അമ്മയെ വെട്ടി. മുറിവുവഴി വിഷം ഉള്ളിൽ ചെല്ലുന്നതിനായാണ് കീടനാശിനി ഒഴിച്ചത്. അതിന് ശേഷമാണ് അച്ഛൻ ചന്ദ്രനെ കൊലപ്പെടുത്തിയതെന്നും സനൽ പോലീസിനോട് പറഞ്ഞു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും ടീ ഷർട്ടും വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി.
രാവിലെ എട്ടരയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. ആദ്യം വീടിന് പുറത്തുവെച്ചായിരുന്നു തെളിവെടുപ്പ്. കൊലയ്ക്ക് ശേഷം എങ്ങനെയാണ് പുറത്തിറങ്ങിയത് വീട് എങ്ങനെയാണ് പൂട്ടിയത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പ്രതിയോട് ചോദിച്ചറിഞ്ഞു. അതിന് ശേഷം സ്വീകരണ മുറിയിലേക്ക് കയറി. അവിടെ വെച്ചാണ് അമ്മ ദേവിയെ സനൽ വെട്ടി കൊലപ്പെടുത്തുന്നത്. ആദ്യം അമ്മയേയും പിന്നാലെ അച്ഛനേയുമാണ് കൊലപ്പെടുത്തുന്നത്. കൊല നടത്തിയ ശേഷം ഇയാൾ രക്തം കഴുകിക്കളഞ്ഞത് അച്ഛൻ കിടന്ന മുറിയിൽ വച്ചാണ്. ഇതിന് ശേഷം അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് ആപ്പിൾ കഴിച്ചുവെന്നും മൊഴിയുണ്ടെന്നാണ് പോലീസ് പറയുന്നത്.
വെള്ളം ചോദിച്ചതിനെ തുടർന്നുള്ള തർക്കത്തെ തുടർന്ന് അകത്തേയ്ക്ക് പോയ സനൽ ആയുധങ്ങൾ രണ്ട് കൈകളിലായി എടുത്തുകൊണ്ട് വരികയും അമ്മയെ തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഒരു അപകടമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന അച്ഛൻ മുറിയിൽ കിടക്കുകയായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മുറിയിലേക്ക് പോയി അച്ഛനേയും വെട്ടിക്കൊല്ലുകയായിരുന്നു.
രണ്ട് കൊലയ്ക്ക് ശേഷം പുറത്തേയ്ക്ക് പോവുകയും അവിടെ നിന്നും വിഷക്കുപ്പികൾ കൊണ്ടുവന്ന് അമ്മയുടെ മുഖത്തെ മുറിവുകളിലേക്ക് ഒഴിക്കുകയും ശേഷം അച്ഛന്റേയും മുറിവുകളിൽ ഒഴിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സനൽ വീട്ടിൽ നിന്നും മൈസൂരിലേക്ക് രക്ഷപെട്ടു. സഹോദരൻ സുനിലിന്റെ സഹായത്തോടെയാണ് സനലിനെ വീട്ടിലെത്തിത്തിക്കുന്നത്.
വീട്ടിൽ രാത്രി മോഷണ ശ്രമമുണ്ടായെന്നും ഇത് ചെറുക്കാൻ ശ്രമിച്ച അച്ഛനേയും അമ്മയേയും മോഷ്ടാക്കൾ കൊലപ്പെടുത്തിയെന്നുമാണ് സുനിൽ സനലിനോട് പറഞ്ഞത്. ചൊവ്വാഴ്ച്ച സംസ്കാരം ഉണ്ടെന്നും സംസ്കാര ചടങ്ങുകൾക്കായി ചേട്ടൻ നാട്ടിലേക്ക് വരണമെന്ന് പറഞ്ഞ് സുനിൽ, സനലിനെ നാട്ടിലേക്ക് വരുത്തുകയായിരുന്നു. നാട്ടിലെത്തിയപ്പോഴാണ് സനലിനെ പോലീസ് പിടികൂടുന്നത്.
Comments