രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം അതിവേഗമാണ് കുതിച്ചുയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4461 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഗുരുതര രോഗലക്ഷണങ്ങൾ ഉണ്ടാകില്ലെങ്കിലും, അതീവ ജാഗ്രത പാലിക്കേണ്ട വകഭേദമാണ് ഒമിക്രോണിന്റേത് എന്ന് ഡോക്ടർമാർ ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകി കഴിഞ്ഞതാണ്. ചില ആളുകളിൽ രോഗം വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കാതെ വന്നു പോകുമെങ്കിൽ, മറ്റ് ചിലരിൽ അതീവ അപകടാവസ്ഥയും ഇത് സൃഷ്ടിക്കുന്നു. ഒമിക്രോൺ പിടിപെട്ടവരിൽ പ്രധാനമായി കണ്ടു വരുന്ന ലക്ഷണങ്ങളെ കുറിച്ച് അറിയാം.
അമേരിക്കയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനാലിസിസ് പ്രകാരം ചുമ, ക്ഷീണം, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങൾ. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം പരിശോധന നടത്തുകയും ചികിത്സ തേടുകയും വേണമെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ ജനറ്റിക് എപ്പിഡെമിയോളജി പ്രൊഫസറും, സൊയ് കൊവിഡ് സ്റ്റഡി ആപ്പിന്റെ മേധാവിയുമായ ടിം സ്‌പെക്ടർ പറയുന്നു. നേരിയ പനി, ക്ഷീണം, തൊണ്ട വേദന, ശരീരവേദന, ഗന്ധവും രുചിയും നഷ്ടപ്പെടൽ, അമിത വിയർപ്പ്, കഠിനമായ തലവേദന തുടങ്ങിയവയെല്ലാം ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങളാണെന്നാണ് പറയുന്നത്.
അടുത്തിടെ ഒമിക്രോൺ രോഗികളിൽ നടത്തിയ പഠനങ്ങൾ പ്രകാരം ഛർദ്ദി, വിശപ്പില്ലായ്മ തുടങ്ങിയവയും വ്യാപകമായി കാണപ്പെടുന്നുണ്ട്. മാസ്‌ക് കൃത്യമായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ മാത്രമേ കൊറോണയെ പ്രതിരോധിക്കാനാകൂ എന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.














