ന്യൂഡല്‍ഹി: 350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യത്തെ സ്വദേശി എക്‌സ്‌പെന്‍ഡബിള്‍ ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ പ്രതിരോധ സാങ്കേതികവിദ്യയില്‍ മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കി. പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡിആര്‍ഡിഒ) ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റ് (ജിടിആര്‍ഇ) ആണ് എന്‍ജിന്‍ വികസിപ്പിച്ചത്.
ഡിആര്‍ഡിഒയുടെ രൂപകല്‍പ്പനയെ അടിസ്ഥാനമാക്കി ഇത്രയും സങ്കീര്‍ണമായ എന്‍ജിന്‍ സംവിധാനം വികസിപ്പിക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന്റെ വളര്‍ന്നുവരുന്ന സാങ്കേതിക ശേഷിയുടെ തെളിവാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വര്‍ഷങ്ങളുടെ കൃത്യതയാര്‍ന്ന എന്‍ജിനീയറിങ്, അത്യാധുനിക നിര്‍മ്മാണ സാങ്കേതികവിദ്യ, ഇന്ത്യന്‍ ശാസ്ത്ര-വ്യവസായ മേഖലകളുടെ സംയുക്ത സഹകരണം എന്നിവയുടെ ഫലമാണ് ഈ നേട്ടമെന്നും മന്ത്രാലയം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ എന്‍ജിനീയറിങ് സാങ്കേതികവിദ്യകളിലൊന്നായാണ് ജെറ്റ് എന്‍ജിന്‍ വികസനം കണക്കാക്കപ്പെടുന്നത്. സ്വകാര്യ പ്രതിരോധ നിര്‍മ്മാണ സ്ഥാപനമായ അസാദ് എന്‍ജിനീയറിങ് വിജയകരമായി നിര്‍മ്മിച്ച എന്‍ജിന്‍ ജിടിആര്‍ഇയ്‌ക്ക് കൈമാറി. അസാദ് എന്‍ജിനീയറിങ് സി.ഇ.ഒ രാകേഷ് ചോപ്ദാറില്‍ നിന്ന് ഡിആര്‍ഡിഒ എയറോണോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡോ. കെ. രാജലക്ഷ്മി മേനോനും ജിടിആര്‍ഇ ഡയറക്ടര്‍ ഡോ. എസ്. വി. രാമണമൂര്‍ത്തിയും ചേര്‍ന്നാണ് എന്‍ജിന്‍ ഏറ്റുവാങ്ങിയത്.
പ്രതിരോധ സെക്രട്ടറി കൂടിയായ ഡിആര്‍ഡിഒ ചെയര്‍മാന്‍ രാജേഷ് കുമാര്‍ സിങ് ജിടിആര്‍ഇയെയും വ്യവസായ പങ്കാളിയായ അസാദ് എന്‍ജിനീയറിങ്ങിനെയും അഭിനന്ദിച്ചു. ഇരു സ്ഥാപനങ്ങളുടെയും സഹകരണം ഇന്ത്യയുടെ സ്വപ്‌നത്തെ ചരിത്രനേട്ടമാക്കി മാറ്റിയതായി അദ്ദേഹം പറഞ്ഞു.















