പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവം നാളെ. ഉച്ചയ്‌ക്ക് 2.30ന് മകര സംക്രമ പൂജയും വൈകിട്ട് 6.30 ഓടെ മകരവിളക്കും ഭക്തർക്ക് നാളെ ദർശിക്കാനാകും. ഇതിന്റെ ഭാഗമായി പമ്പ വിളക്കും, പമ്പ സദ്യം ഇന്ന് നടക്കും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ദർശനമൊരുക്കാനുള്ള എല്ലാം ക്രമീകരണങ്ങളും സന്നിധാനത്ത് പൂർത്തിയാതായി ദേവസ്വം ബോർഡ് അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര നാളെ സന്നിധാനത്തെത്തും.
മകരവിളക്കിന് ശബരിമല ശ്രീധർമ്മ ശാസ്താവിന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ഇന്നലെ പുറപ്പെട്ടിരുന്നു. 24 അംഗസംഘം തിരുവാഭരണങ്ങൾ ശരസിലേറ്റി കാൽനടയായാണ് ശബരിമലയിൽ എത്തുന്നത്. 84 കിലോമീറ്ററുകൾ താണ്ടിയാണ് തിരുവാഭരണ പേടകം സന്നിധാനത്തെത്തുന്നത്.
തിരുവാഭരണങ്ങൾ ഇക്കുറിയും ശിരസിലേറ്റിയത് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ്. പന്തളം വലിയതമ്പുരാൻ പി. രാമവർമ രാജയുടെ പ്രതിനിധിയായി ശങ്കർ വർമയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്.
സന്നിധാനം, പാണ്ടിത്താവളം, മാളികപ്പുറം, അന്നദാന മണ്ഡപം, പാലാഴി, മാഗുണ്ട അയ്യപ്പനിലയം, കൊപ്രാക്കളം, കെഎസ്ഇബി, ഫോറസ്റ്റ് ഓഫീസ് തുടങ്ങിയ ഇടങ്ങളിലാണ് മകരജ്യോതി ദർശനത്തിന് സൗകര്യമുള്ളത്. സുരക്ഷയ്‌ക്കായി കൂടുതൽ പോലീസുകാരെ സന്നിധാനത്തും മറ്റ് ഇടങ്ങളിലും വിന്യസിക്കുമെന്ന് ദേവസ്വം ബോർഡും സർക്കാരും അറിയിച്ചിരുന്നു. ഇത്തവണ ഹെലികോപ്ടർ നിരീക്ഷണമടക്കം സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്.















