ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും ‘കാരണഭൂതൻ പിണറായി വിജയ’നെന്ന സഖാവ് തന്നെ: പാർട്ടി തിരുവാതിരയിൽ വ്യക്തിസ്തുതി, വിമർശനം ശക്തം

Published by
Janam Web Desk

തിരുവനന്തപുരം: കുത്തേറ്റു മരിച്ച ധീരജിന്റെ ചിതയെരിഞ്ഞു തീരും മുൻപ് പാർട്ടി പരിപാടിയിൽ കൂട്ട തിരുവാതിരക്കളി നടത്തിയ സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടിയേയും പ്രകീർത്തിച്ചുള്ള തിരുവാതിരക്കളിയിലെ പാട്ടാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങുന്നത്.

പാർട്ടി തിരുവാതിരയിലെ പിണറായി സ്തുതിയ്‌ക്കെതിരെ പാർട്ടി അനുഭാവികൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. വ്യക്തിപൂജ പാടില്ലെന്ന വിഎസ് അച്യുതാനന്ദന്റേയും പി. ജയരാജന്റേയും കാര്യത്തിൽ പാർട്ടി എടുത്ത നിലപാടിന് വിരുദ്ധമാണ് വരികൾ. കേരളത്തിലെ പ്രളയവും കിറ്റ് വിതരണവും പെൻഷനും ഉൾപ്പെടെയുള്ള വിഷയങ്ങൾ തിരുവാതിരയിലുണ്ട്.

വീഡിയോ

തിരുവാതിര പാട്ടിലെ വരികൾ ഇങ്ങനെ ‘പിണറായി ഭരണം കരുത്തുറ്റ ഭരണമായി ഭൂലോകമെമ്പാടും കേളി കൊട്ടി, മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി. ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ. ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ. എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീര സഖാവാണ്” എന്നിങ്ങനെ നീളുന്നു വരികൾ.

അതേസമയം കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് സംഘടിപ്പിച്ച തിരുവാതിരയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് 550ൽ അധികം പേരാണ് മെഗാ തിരുവാതിരയിൽ പങ്കെടുത്തത്. വിമർശനം ഉയർന്നതിന് പിന്നാലെയാണ് പാറശ്ശാല പോലീസ് കേസെടുത്തിരിക്കുന്നത്. കൊറോണ സാഹചര്യത്തിൽ രാഷ്‌ട്രീയ പാർട്ടികളുടെ പൊതുപരിപാടിയിൽ 150 പേരിൽ കൂടരുതെന്ന സർക്കാർ നിയന്ത്രണം നിലനിൽക്കെയാണ് ഇത്രയധികം പേർ തിരുവാതിരയിൽ പങ്കെടുത്തത്.

Share
Leave a Comment