പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് സ്വയംസേവകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. ഇന്നലെ വൈകിട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ചും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുന്നത്.
ഇന്നലെയാണ് കേസിലെ എട്ടാം പ്രതിയായ അബ്ദുൽ ഹക്കീമിന്് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഗൂഢാലോചന, തെളിവുനശിപ്പിക്കൽ, മാരകായുധങ്ങളുമായി സംഘംചേരൽ, തടഞ്ഞ് നിർത്തൽ, അറിഞ്ഞുകൊണ്ട് ഒളിവിൽ പാർപ്പിക്കൽ, പ്രേരണ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയ പ്രതിക്കാണ് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്റെയും, പോലീസിന്റെയും വീഴ്ചയാണെന്നും സർക്കാർ ജിഹാദികൾക്ക് പിന്തുണ നൽകുകയാണെന്നുമുളള ആരോപണമാണ് ഇതോടെ ശക്തമാകുന്നത്.
ജനുവരി ആറിനാണ് ഹക്കീം അറസ്റ്റിലായതെന്നും ആറ് ദിവസം തികയും മുൻപ് ജാമ്യം അനുവദിച്ചത് എന്തടിസ്ഥാനത്തിലാണെന്നുമുളള ചോദ്യമാണ് സംഘപരിവാർ സംഘടനകൾ ഉന്നയിക്കുന്നത്. സിപിഎം, എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് പ്രതികൾക്ക് പോലീസ് ഒത്താശ ചെയ്യുന്നതെന്നും ഇത് തുടർന്നാൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നുമാണ് ബിജെപി ഉൾപ്പെടെയുളള സംഘടനകളുടെ നിലപാട്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പ്രതികൾ ഉൾപ്പെടെ അഞ്ചു പേർ ഇനിയും പിടിയിലാവാൻ ഉണ്ടെന്നിരിക്കെ കൊലപാതകികൾക്ക് ഒളിത്താവളം ഒരുക്കുകയും, മറ്റു സഹായങ്ങൾ ചെയ്യുകയും ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടത് കേസ് അട്ടിമറിക്കാനും, ഒളിവിൽ കഴിയുന്ന പ്രതികൾക്ക് രക്ഷപെടാനും വഴിയൊരുക്കുമെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.















