മലപ്പുറം: കോട്ടക്കലിൽ പോലീസ് പിടിയിലായ ഹണി ട്രാപ്പ് സംഘം നിരവധി യുവാക്കളിൽ നിന്നും പണം തട്ടിയെടുത്തതായി സൂചന. അറസ്റ്റിലായ യുവതി അടക്കമുള്ള 7 അംഗ സംഘത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നതെന്നാണ് സൂചന.
ഹണി ട്രാപ്പ് സംഘത്തെ നിയന്ത്രിച്ചിരുന്നതും പ്രധാന ആസൂത്രകയും കൊണ്ടോട്ടി സ്വദേശിനിയായ കാലൂത്ത് വളപ്പിൽ ഫസീലയാണെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇവർ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. യുവാക്കളെ കെണിയിലാക്കാൻ പല തന്ത്രങ്ങളാണ് ഫസീല പ്രയോഗിച്ചിരുന്നത്. യുവാക്കളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് ആദ്യം മിസ്സ്ഡ് കാൾ ചെയ്യും. തിരിച്ചു വിളിക്കുന്നവരെ യുവതി പറഞ്ഞ് മയക്കി സൗഹൃദം സ്ഥാപിക്കും. പിന്നീട് നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് ഫസീല യുവാക്കളെ വിളിച്ചു വരുത്തും.
പിന്നീട് യുവാക്കളുടെ കൂടെയുള്ള നഗ്ന വീഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക് മെയിൽ ചെയ്യുകയാണ് സംഘത്തിന്റെ രീതി. വൻ തുകകൾ സംഘം കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന. പക്ഷേ മാനഹാനി ഭയന്ന് പലരും പരാതി നൽകാൻ തയ്യാറാവാഞ്ഞതാണ് ഫസീലയ്ക്കും സംഘത്തിനും തുണയായിരുന്നത്. എന്നാൽ തട്ടിപ്പിന് ഇരയായ താനൂർ കാട്ടിലങ്ങാടി സ്വദേശി കോട്ടക്കൽ പോലീസിൽ പരാതി നൽകിയതോടെയാണ് ഹണി ട്രാപ്പ് സംഘം വലയിലായത്. യുവാവിന്റെ പരാതി ലഭിച്ചയുടൻ തന്നെ സംഘത്തെ രഹസ്യമായി നിരീക്ഷിക്കുകയും തന്ത്രപരമായി കുടുക്കുകയുമായിരുന്നു.
കഴിഞ്ഞ 12 നായിരുന്നു യുവാവിനെ ഹണി ട്രാപ്പ് സംഘം തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെട്ടത്. ഫസീല യുവാവിനെ വിളിച്ചു വരുത്തിയശേഷം നഗ്നചിത്രങ്ങളെടുത്തു. ഇതിനുശേഷം കാറിൽ സഞ്ചരിക്കുമ്പോൾ മറ്റ് സംഘാംഗങ്ങളെത്തുകയും യുവാവിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു. നഗ്ന വീഡിയോ പുറത്ത് വിടാതിരിയ്ക്കാൻ 5 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ യുവാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
Comments