അബുദബി: യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദബിയിലേക്ക് പ്രവേശിക്കാൻ കൊറോണ പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ.
18 വയസിന് മുകളിൽ പ്രായമുള്ള വാക്സിൻ സ്വീകരിച്ച് 6 മാസം പൂർത്തിയായവർക്കാണ് ബൂസ്റ്റർ ഡോസില്ലാതെ അബുദബിയിലേക്ക് പ്രവേശിപ്പിക്കാൻ സാധിക്കാതെ വരിക.
ഇതോടൊപ്പം അബുദാബിയിൽ പ്രവേശിക്കാൻ അൽഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ആവശ്യമാണ്. വാക്സിൻ എടുക്കാത്തവർ 96 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനാഫലം ഹാജരാക്കണം.
നിലവിലുള്ള ഇഡിഇ സ്കാനർ പരിശോധനയ്ക്ക് പുറമേയാണ് പുതിയ നിയന്ത്രണം. അതിർത്തിയിലുള്ള ഇഡിഇ സ്കാനിങ്ങിൽ റെഡ് സിഗനലാണെങ്കിൽ ആന്റിജൻ ടെസ്റ്റ് നടത്തും. പോസിറ്റീവാണെങ്കിൽ അബുദബി എമിറേറ്റിലുള്ളവർക്ക് പ്രവേശനം നൽകുമെങ്കിലും ക്വാറന്റീൻ പൂർത്തിയാക്കണം.
അതേസമയം അബുദബിയിലുള്ളവർക്ക് പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിനും ബൂസ്റ്റർ ഡോസ് നിർബന്ധമാണെന്ന് ദേശിയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.
Comments