ലക്നൗ: മുന്‍ എസ്പി എംഎല്‍എ പ്രമോദ് ഗുപ്തയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക മൗര്യയും ബിജെപിയില്‍ ചേര്‍ന്നു. എസ്പി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ ഭാര്യ സഹോദരനും വിധുന നിയമസഭയില്‍ നിന്നുള്ള മുന്‍ എസ്പി എംഎല്‍എയുമാണ് പ്രമോദ് ഗുപ്ത. അഖിലേഷ് യാദവ് മുലായം സിംഗ് യാദവിനെ തടവിലാക്കിയിരിക്കുകയാണെന്നും, അഖിലേഷിന്റെ മേധാവിത്വം പാര്‍ട്ടിക്ക് വളരെ ദോഷകരമാണെന്നും പ്രമോദ് ഗുപ്ത ആരോപിച്ചു. ക്രിമിനലുകളും ഗുണ്ടകളും എസ്പിയില് നുഴഞ്ഞു കയറിയിരിക്കുകയാണെന്നും പ്രമോദ് കുമാര്‍ പറഞ്ഞു. അപര്‍ണ യാദവ് പാര്‍ട്ടി വിട്ടതിന്റെ നടുക്കം മാറും മുന്‍പാണ് മുലായം സിംഗിന്റെ കുടുംബത്തില്‍ നിന്നും മറ്റൊരാള്‍ കൂടി ബിജെപിയില്‍ ചേരുന്നത്. ഇന്നലെയാണ് അപര്‍ണ്ണ യാദവ് ബിജെപിയില്‍ ചേര്‍ന്നത്. മുലായം സിംഗ് യാദവിന്റെ മരുമകള്‍ കൂടിയാണ് അപര്‍ണ്ണ യാദവ്.
പ്രിയങ്ക മൗര്യയ്ക്ക് പുറമെ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളിലൊരാളായ അതിഥി സിംഗും ബിജെപിയില്‍ ചേര്‍ന്നു. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ നിന്നുള്ള എംഎല്‍എയാണ് അതിഥി സിംഗ്. ഇവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കുന്നതാണ് പ്രിയങ്കയുടേയും അതിഥിയുടേയും പാര്‍ട്ടി മാറ്റം. 403 അംഗ നിയമസഭാ സീറ്റുകളിലേക്കായി ഫെബ്രുവരി 10നാണ് യുപിയില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 10നാണ് വോട്ടെടുപ്പ്.
Comments