തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച സംഭവത്തിൽ കേരള സർവ്വകലാശാല പ്രൊഫസറും, 24 ന്യൂസ് മുൻ അവതാരകനുമായ ഡോ. അരുൺ കുമാറിനെതിരെ പരാതി നൽകി ബിജെപി. സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ ആണ് ഗവർണർക്ക് പരാതി നൽകിയത്. ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തടസ്സം നേരിട്ടിരുന്നു. ഇത് ഉയർത്തിക്കാട്ടിയാണ് അരുൺ കുമാർ മോദിയെ അവഹേളിച്ച് രംഗത്ത് വന്നത്.
യുജിസി സ്കെയിൽ ശമ്പളം വാങ്ങി ഉത്തരവാദിത്തപ്പെട്ട സർക്കാർ ജോലിയിൽ ഇരിക്കുന്ന അരുൺകുമാർ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരം നൽകുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയുമായിരുന്നുവെന്ന് ബിജെപി നൽകിയ പരാതിയിൽ പറയുന്നു. നിരവധി ആളുകൾ തെറ്റ് ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്റെ പോസ്റ്റിന് കമന്റടിച്ചിട്ടും അരുൺ തിരുത്താൻ തയ്യാറായില്ല.താൻ പോസ്റ്റ് ചെയ്ത വിവരം തെറ്റാണെന്ന് പ്രമുഖ പത്രങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടും അദ്ദേഹം പോസ്റ്റ് പിൻവലിക്കാൻ തയ്യാറാവാത്തത് കുറ്റകരമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഗവർണ്ണറുടെ കീഴിൽ വരുന്ന കേരള സർവ്വകലാശാലയിലെ അദ്ധ്യാപകനായ അരുൺ കുമാറിനെതിരെ ശക്തമായ നടപടി എടുക്കണം. രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അരുൺ കുമാർ പ്രധാനമന്ത്രിയെ അപമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ചില സക്രീൻ ഷോട്ടുകളും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. സംഘാടകർക്കിടയിൽ ഉണ്ടായ ആശയ കുഴപ്പമാണ് പ്രസംഗം തടസ്സപ്പെടാൻ കാരണമായത്.എന്നാൽ ഇത് മറച്ചുവെച്ചാണ് അരുൺകുമാർ ഉൾപ്പെടെയുളളവർ സമൂഹമാദ്ധ്യമങ്ങളിലൂടെ പച്ചക്കളളം പ്രചരിപ്പിച്ചത്
Comments