ന്യൂഡൽഹി: രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ വിവിധ സംസ്ഥാനങ്ങളിലെ നിശ്ചല ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഇത്തവണ 21 സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചല ദൃശ്യങ്ങളാണ് പരേഡിൽ അണിനിരന്നത്. നിശ്ചല ദൃശ്യങ്ങളിൽ എല്ലാത്തവണയും ഉത്തർപ്രദേശ് വ്യത്യസ്ഥത പുലർത്താറുണ്ട്. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ല. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ ഉയർത്തിക്കാട്ടുന്നതാണ് ഉത്തർപ്രദേശിന്റെ ഇത്തവണത്തെ നിശ്ചലദൃശ്യം.
ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിവഴി ഓരോ ജില്ലയും വികസിപ്പിച്ചെടുത്ത തദ്ദേശീയവും പ്രത്യേകവുമായ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളുമാണ് യുപി നിശ്ചലദൃശ്യത്തിൽ പ്രകടിപ്പിച്ചത്. കൂടാതെ കാശി ഇടനാഴിയേയും ടാബ്ലോയിൽ ഉൾപ്പെടുത്തിയിരുന്നു. 2017-18 കാലഘട്ടത്തിലാണ് ഇത്തരമൊരു പദ്ധതിയ്ക്ക് യോഗി സർക്കാർ രൂപം നൽകിയത്. കഴിഞ്ഞവർഷം അയോദ്ധ്യ രാമക്ഷേത്രമാണ് യുപി നിശ്ചല ദൃശ്യമായി പ്രദർശിപ്പിച്ചത്.
വളർന്നു വരുന്ന കുട്ടികൾക്ക് പ്രചോദനം നൽകുന്നതാണ് യുപിയിലേ നിശ്ചല ദൃശ്യമെന്ന് നിർമ്മാതാക്കളിൽ ഒരാളായ ജഗ്ദീഷ് ഗാന്ധി പറഞ്ഞു. ദൈവത്തിന്റെ ശക്തിയിൽ വിശ്വസിക്കാൻ കുട്ടികളെ പ്രചോദിപ്പിക്കും. അങ്ങനെ അവർക്ക് രാജ്യത്തിന്റെ ഭാവി നേതാക്കളാകാൻ കഴിയുമെന്നും ജഗ്ദീഷ് കൂട്ടിച്ചേർത്തു. ഓരോ ജില്ലയിലിലേയും വ്യത്യസ്തമായ ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും നിശ്ചല ദൃശ്യത്തിന് മുന്നിൽ ചേർത്തിട്ടുണ്ട്.
21 നിശ്ചല ദൃശ്യങ്ങളാണ് ഇത്തവണ പ്രദർശിപ്പിച്ചത്. ഉത്തർപ്രദേശിന് പുറമെ അരുണാചൽ പ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ് ഗോവ, ഗുജറാത്ത്, ജമ്മുകശ്മീർ, കർണാടക, മഹാരാഷ്ട്ര. മേഖാലയ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ടാബ്ലോകളാണ് ഇത്തവണ പരേഡിൽ ഉൾപ്പെടുത്തിയത്.
Comments