കൊച്ചി: കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് പ്രതികളും എൻഐഎയും നൽകിയ അപ്പീൽ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന ഹർജിയാണ് കേസിലെ ഒന്നാം പ്രതിയായ തടിയന്റെവിടെ നസീറും, നാലാം പ്രതി ഷഫാസും സമർപ്പിച്ചിരിക്കുന്നത്.
കേസിൽ നിരപരാധികളാണെന്നും യുപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. അതേസമയം, കേസിലെ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്താണ് എൻഐഎ അപ്പീൽ നൽകിയത്. 2006ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കോഴിക്കോട് മെഫ്യൂസിൾ ബസ്റ്റാന്റിലും, കെഎസ്ആർടിസി സ്റ്റാന്റിലുമാണ് സ്‌ഫോടനം നടന്നത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ്, പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ആകെ 9 പ്രതികളുള്ള കേസിൽ, ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല. മാത്രമല്ല, ഒരാളെ എൻഐഎ മാപ്പ് സാക്ഷിയാക്കിയിരിന്നു. കൂടാതെ, ഒരു പ്രതി വിചാരണയ്‌ക്കിടെ മരിച്ചു.















