തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളെയാണ് പുതുതായി സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. ഈ ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമായിരിക്കും. കൂടാതെ, തിരുവനന്തപുരം ജില്ല സി കാറ്റഗറിയിൽ തുടരും.
മത, സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ പൊതുപരിപാടികൾ അനുവദിക്കില്ല. തീയറ്റർ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ എന്നിവ തുറക്കില്ല. ആരാധനാലയങ്ങളിൽ ഓൺലൈനായി മാത്രം ആരാധന നടത്താം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. ട്യൂഷൻ ഉൾപ്പെടെ എല്ലാ ക്ലാസുകളും ഓൺലൈനാക്കാൻ തീരുമാനിച്ചു എന്നിവയാണ് സി കാറ്റഗറിയിലെ നിയന്ത്രണങ്ങൾ. ഇന്ന് നടന്ന കൊറോണ അവലോകന യോഗത്തിലാണ് തീരുമാനം.
കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ കാറ്റഗറിയായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് അവലോകന യോഗം ചേർന്നത്. അതേസമയം, സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള തീരമാനങ്ങൾ എടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും.















