ചില ജീവജാലങ്ങൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. ശരീരത്തിലെ ഏതെങ്കിലും അവയവം മുറിഞ്ഞുപോയാലും അവിടെ വീണ്ടും വളർച്ചയുണ്ടാകുന്നതിനുള്ള സഹജമായ കഴിവ്. പ്രകൃതിയിൽ കാണപ്പെടുന്ന പല്ലികൾ, ഞണ്ടുകൾ, നക്ഷത്ര മത്സ്യം, പല്ലികളുടെ ഗണത്തിൽപ്പെടുന്ന സലാമണ്ടറുകൾ എന്നിവയ്‌ക്കെല്ലാം ഈ പ്രത്യേകതയുണ്ട്. ജീവജാലങ്ങളിലെ ഈ കഴിവിനെ മനുഷ്യനിലേക്ക് കൊണ്ടുവരാൻ ഏറെ നാളുകളായി ശ്രമിക്കുന്ന ഗവേഷകരുണ്ട്. അത് സംഭവ്യമായാൽ നിരവധി പേർക്ക് അവരുടെ മുറിഞ്ഞുപോയ ശാരീരിക അവയവങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്നതിനാലാണത്.
അത്തരമൊരു സന്തോഷ വാർത്തയാണ് യുഎസിലെ ഗവേഷകർ ഇപ്പോൾ പുറത്തുവിടുന്നത്. ഒരു ആഫ്രിക്കൻ തവളയിലായിരുന്നു സംഘത്തിന്റെ പരീക്ഷണം. തവളയുടെ മുറിഞ്ഞുപോയ കാലിന്റെ സ്ഥാനത്ത് ഇപ്പോൾ വളർച്ച സംഭവിച്ചതായി ഗവേഷകർ വെളിപ്പെടുത്തുന്നു. ‘പുനരുൽപ്പാദനത്തിന് വേണ്ട മരുന്നുകൾ കണ്ടെത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പ്’ എന്നാണ് ഇക്കാര്യത്തെ അവർ വിശേഷിപ്പിച്ചത്.
അഞ്ച് പ്രത്യേക തരം മരുന്നുകളുടെ മിശ്രിതമാണ് (പ്രോട്ടീൻ ജെൽ) തവളയിൽ പ്രയോഗിച്ചത്. രക്തക്കുഴലുകളും പേശികളും നാഡികളുമെല്ലാം വളരാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയതാണ് ഈ മിശ്രിതം. ഇതിനെ സിലിക്കോൺ ഉപയോഗിച്ച് ആവരണം ചെയ്തു. 24 മണിക്കൂർ ആണ് ഇത്തരത്തിൽ സൂക്ഷിച്ചത്. തുടർന്ന് 18 മാസങ്ങൾ പിന്നിട്ടപ്പോൾ മുറിഞ്ഞ കാലിന്റെ സ്ഥാനത്ത് വളർച്ചയുണ്ടാകാൻ തുടങ്ങി. അവയവം പൂർണമായും പ്രവർത്തനക്ഷമമായി. വെള്ളത്തിൽ നീന്താനും, സ്പർശനം അറിയാനും തവളയ്‌ക്ക് സാധിച്ചു. കാലിലെ വിരലുകൾ ഉൾപ്പെടെയാണ് വളർന്നത്. എന്നാൽ അവയ്‌ക്കിടയിലുള്ള വലകൾക്ക് സമാനമായ ചർമ്മം വളർന്നിട്ടില്ല.
സയൻസ് അഡ്വാൻസസ് ജേണലിൽ ബുധനാഴ്ചയാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഗവേഷണഫലം ആവേശകരവും ആകർഷകവുമാണെന്ന് സർവകലാശാലയിലെ മറ്റ് പ്രൊഫസർമാർ പ്രതികരിച്ചു. ഇതേ പരിക്ഷണം അടുത്തതായി സസ്തനികളിൽ നടത്താനൊരുങ്ങുകയാണ് അമേരിക്കൻ ഗവേഷകർ. അവ വിജയകരമായാൽ ശാസ്ത്രലോകത്തിന് ലഭിക്കുന്നത് വലിയ നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തൽ.















